| Monday, 25th March 2024, 5:47 pm

കാഴ്ചയില്‍ എനിക്ക് വേണ്ടിയിരുന്നത് സാധാരണക്കാരനായ മമ്മൂട്ടിയെയായിരുന്നു, പക്ഷേ ഒരുപാട് ശ്രമിച്ചിട്ടും അത് നടന്നില്ല, ഒടുവില്‍...: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും ഓര്‍ക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. 1986ല്‍ പദ്മരാജന്റെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടി നായകനായ കാഴ്ച നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടി. ആറ് സിനിമകള്‍ സംവിധാനം ചെയ്ത ബ്ലെസി മൂന്ന് തവണ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. 16 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ തന്റെ ഡ്രീം പ്രൊജക്ടായ ആടുജീവിതം റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ കാഴ്ചയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചു. ആ സിനിമയില്‍ മമ്മൂട്ടിയെ ഒരു സാധാരണക്കാരനായി അവതരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും ഫോട്ടോഷോപ്പില്‍ മമ്മൂട്ടിയെ പല ഗെറ്റപ്പില്‍ ശ്രമിച്ചെന്നും ബ്ലെസി പറഞ്ഞു. ഒരു നടനെ ഇതിന് മുമ്പ് കാണാത്ത തരത്തില്‍ അവതരിപ്പിക്കാനാണ് താന്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്നും ബ്ലെസി പറഞ്ഞു.

‘എന്റെ എല്ലാ സിനിമകളിലും നായകനെ അതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ആടുജീവിതത്തിലും ഞാന്‍ അങ്ങനെ ശ്രമിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമയായ കാഴ്ച തൊട്ട് അങ്ങനെ ചെയ്യാറുണ്ട്. മമ്മൂക്ക വളരെ സുന്ദരനായ ഒരാളാണ്. അങ്ങനെയുള്ള മമ്മൂക്കയെ ഒരു സാധാ കുട്ടനാട്ടുകാരനായി അവതരിപ്പിക്കാനാണ് ഞാന്‍ നോക്കിയിട്ടുള്ളത്.

അതിന് വേണ്ടി മമ്മൂക്കയുടെ ഫോട്ടോ ഞാന്‍ ഫോട്ടോഷോപ്പിലൊക്കെ ഇട്ട് പല ഗെറ്റപ്പും പരീക്ഷിച്ചു. മുടി നീട്ടി വളര്‍ത്തിയും താടി വളര്‍ത്തിയുമൊക്കെ പലതരം പരീക്ഷണം ചെയ്തു. താടിവെച്ച ഗെറ്റപ്പ് നോക്കിയപ്പോള്‍ അതുപോലെ ഒരെണ്ണം മഹാനഗരം എന്ന സിനിമയില്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടു. അതുമാത്രമല്ല, അങ്ങനെ താടി വെക്കുമ്പോള്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഫീലാണ് തോന്നാറുള്ളത്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ ഉടയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. പിന്നീട് ഇദ്ദേഹത്തെ ഞാന്‍ കഥാപാത്രത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ചെയ്തത് മമ്മൂക്കയുടെ പോക്കറ്റില്‍ എപ്പോഴും ഒരു ചീപ്പ് വെച്ചുകൊടുത്തു. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, അയാള്‍ എപ്പോഴും ഇങ്ങനത്തെ കാര്യത്തില്‍ കോണ്‍ഷ്യസാണ്. അതുമാത്രമല്ല, പണ്ടുതൊട്ടേ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരു കഥാപാത്രമായി അയാളെ മാറ്റി,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy shares how he portrays Mammootty as a common man in Kazhcha

Latest Stories

We use cookies to give you the best possible experience. Learn more