| Monday, 11th March 2024, 2:40 pm

ആദ്യം പൃഥ്വി അഭിനയിച്ചതാണെന്ന് കരുതി, പക്ഷേ അങ്ങനെ അല്ലായിരുന്നു കാര്യം: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ് മീറ്റില്‍ സിനിമക്കായി പൃഥ്വിയും താനും നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംവിധായകന്‍ ബ്ലെസി സംസാരിച്ചു. നോവലിനെ മൊത്തമായി സിനിമയാക്കിയാല്‍ അത് ഒമ്പത് മണിക്കൂര്‍ വരുമെന്നും, ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറുണ്ടായിരുന്നെന്നും ബ്ലെസി പറഞ്ഞു. അതിന്റെ ലെങ്ത് കുറക്കേണ്ടി വന്നെന്നും, ഒറിജിനല്‍ വേര്‍ഷന്‍ പിന്നീട് പുറത്തിറങ്ങുമെന്നും ബ്ലെസി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവവും ബ്ലെസി പങ്കുവെച്ചു.

’43 അധ്യായങ്ങളുള്ള നോവല്‍ അതേപടി സിനിമയാക്കുകയാണെങ്കില്‍ ഒമ്പത് മണിക്കൂറോളം വരും. ഫസ്റ്റ് എഡിറ്റ് മൂന്നര മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ മൂന്നര മണിക്കൂര്‍ തിയേറ്ററില്‍ ഇരിക്കാന്‍ പ്രേക്ഷകര്‍ക്ക് പറ്റില്ല എന്ന സാഹചര്യത്തിലാണ് അതിനെ വീണ്ടും വെട്ടിച്ചുരുക്കേണ്ടി വന്നത്. ആ വേര്‍ഷനും എന്തായാലും പിന്നീട് പുറത്തിറങ്ങും. അത് റിലീസ് ചെയ്തില്ലെങ്കില്‍ രാജുവിനോടുള്ള ക്രൂരതയാകും. സിനിമക്ക് വേണ്ടി അത്രയധികം കഷ്ടപ്പെട്ടിട്ടുണ്ട്.

മരുഭൂമിയിലൂടെ ഓടുന്ന ഒരു സീനുണ്ട്. വയ്യാത്ത കാലുവെച്ച് ചുട്ടുപഴുത്ത മണലിലൂടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടുകയാണ്. ഓട്ടത്തിനിടയില്‍ പൃഥ്വി വീണു. അഭിനയത്തിന്റെ ഭാഗമായി വീണതാണെന്ന് ആദ്യം കരുതി. പക്ഷേ കുറച്ച് കഴിഞ്ഞ് പൃഥ്വി എഴുന്നേറ്റ് ദേഷ്യപ്പെട്ടപ്പോളാണ് ശരിക്കും വീണതാണെന്ന് മനസിലായത്. ലോറി മണലിലൂടെ നീങ്ങാതിരിക്കാന്‍ പ്രൊഡക്ഷനിലെ ആരോ അവിടെ വെച്ച കല്ലായിരുന്നു അത്. പ്രൊഡക്ഷനിലുള്ളവരേട് പൃഥ്വി അപ്പോള്‍ ചൂടായി,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy share the incident happened during Aadujeevitham making

Latest Stories

We use cookies to give you the best possible experience. Learn more