ആ സമയത്ത് എനിക്ക് ധൈര്യം തന്നത് മമ്മൂക്കയാണ്: ബ്ലെസി
Entertainment
ആ സമയത്ത് എനിക്ക് ധൈര്യം തന്നത് മമ്മൂക്കയാണ്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th March 2024, 6:25 pm

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏററവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. നജീബ് എന്ന കഥാപാത്രത്തിനായി 30 കിലോയോളം പൃഥ്വിരാജ് കുറച്ചതും ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമ ഉലകം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. 1986ല്‍ പദ്മരാജന്റെ അസിസ്റ്റന്റായാണ് താന്‍ സിനിമരംഗത്തേക്കെത്തിയതെന്നും പിന്നീട് ജയരാജ്, ഐ.വി.ശശി എന്നിവരുടെയും സഹായിയായി നിന്നിട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിന്റെ ഒരു ഫോട്ടോ കണ്ടതാണ് കാഴ്ച എന്ന സിനിമ ഉണ്ടാകാന്‍ കാരണമെന്നും ബ്ലെസി പങ്കുവെച്ചു.

‘പദ്മരാജന്‍ സാറിന്റെ അസിസ്റ്റന്റായാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ സഹായിയായ ശേഷം ഐ.വി ശശി സാറിന്റെ കൂടെയും ജയരാജിന്റെ കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. 199ലെ ഗുജറാത്ത് ഭൂകമ്പവുമായി ബന്ധപ്പെട്ട് കണ്ട ഒരു ഫോട്ടോയാണ് കാഴ്ച എന്ന സിനിമ ഉണ്ടാകാന്‍ കാരണം. ആ ഫോട്ടോയില്‍ നിന്ന് എന്റെ മനസില്‍ ഒരു കഥ ഉണ്ടായി. ആ കഥ തിരക്കഥാരൂപത്തിലാക്കാന്‍ പലരെയും സമീപിച്ചു. പക്ഷേ ആര്‍ക്കും ആ കഥയില്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല.

പിന്നീട് ഞാന്‍ ആ കഥ ജയരാജിനോട് പറഞ്ഞു. ജയരാജ് ആ സമയത്ത് ദേശാടനം എന്ന സിനിമ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എന്ഡറെ മനസില്‍ ഉണ്ടായിരുന്ന കഥ ജയരാജിനോട് പറഞ്ഞു. നല്ല കഥയാണെന്ന് ജയരാജ് പറഞ്ഞു. പക്ഷേ ഇപ്പോള്‍ ദേശാടനെ ചെയ്തതുകൊണ്ട് അതുപോലൊരു സിനിമ ഉടനെ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് ഈ കഥ മമ്മൂട്ടിയോട് പറയാന്‍ പറഞ്ഞു. അദ്ദേഹം ഇത് തിരക്കഥയാക്കാന്‍ പറ്റുന്നയാളെ സജസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ ഈ കഥ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്കക്കും കഥ ഇഷ്ടപ്പെട്ടു. ഇത് തിരക്കഥയാക്കുന്നില്ലേ എന്ന് എന്നോട് ചോദിച്ചു. അതിന് പറ്റിയ ആളെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. ‘വേറെ ആരെയും നോക്കണ്ട, ഇത് നീ തന്നെ എഴുതിയാല്‍ മതി. ബാക്കിയുള്ളവര്‍ എഴുതുമ്പോള്‍ നീ ഇപ്പോള്‍ പറഞ്ഞ ഇമോഷന്‍ കിട്ടില്ല. നീ എഴുതിത്തുടങ്ങിക്കോ, നിന്നെക്കൊണ്ട് പറ്റും’ എന്ന് പറഞ്ഞ് മമ്മൂക്ക ധൈര്യം തന്നു. ആ ധൈര്യത്തിലാണ് ഞാന്‍ കാഴ്ചയുടെ സ്‌ക്രിപ്റ്റ് തയാറാക്കിയത്.

Content Highlight: Blessy share about how he wrote script for his first Film