മമ്മൂട്ടി നയകനായ കാഴ്ച എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ആളാണ് ബ്ലെസി. 20 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ വെറും എട്ട് സിനിമകള്‍ മാത്രമേ ബ്ലെസി ചെയ്തിട്ടുള്ളൂ. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ ബ്ലെസിയെ തേടിയെത്തിയിരുന്നു. 16 വര്‍ഷത്തെ പരിശ്രമിത്തിനൊടുവില്‍ ബ്ലെസിയുടെ സ്വപ്‌ന ചിത്രമായ ആടുജീവിതം കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായി മാറി.
തന്മാത്രയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ചിദംബരം പ്ലസ് ടുവിന് പഠിക്കുകയായിരുന്നെന്നും പിന്നീട് അയാള്‍ തന്റെ ചിത്രത്തിന്റെ ഭാഗമാവുകയും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ സംവിധായകനായി മാറിയെന്നും ബ്ലെസി പറഞ്ഞു. ആടുജീവിതത്തിന്റെ ഒരു ഷെഡ്യൂളില്‍ മാത്രമേ ചിദംബരം ഉണ്ടായിരുന്നുള്ളൂവെന്നും ബ്ലെസി പറഞ്ഞു. ക്ലബ്ബ് എഫ്.എം സംഘടിപ്പിച്ച ഗെയിം ചേഞ്ചേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.
‘ആടുജീവിതത്തില്‍ എന്റെ അസിസ്റ്റന്റായി ചിദംബരം വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ അത് ചിദംബരമായിരുന്നെന്ന് ഞാന്‍ അറിയുന്നത് സിനിമ റിലീസായതിന് ശേഷമാണ്. ആടുജീവിതമൊക്കെ റിലീസായതിന് ശേഷം മറ്റ് സിനിമകളെപ്പറ്റി കേട്ടപ്പോഴാണ് ആ ചിദംബരമാണ് ഈ ചിദംബരമെന്ന് ഞാന്‍ അറിയുന്നത്. ഇത്രക്ക് മികച്ച സംവിധായകനാണ് അയാളെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു.
അതിനെക്കാള്‍ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള മറ്റൊരു കാര്യം, ഞാന്‍ തന്മാത്ര ചെയ്യുന്ന സമയത്ത് ചിദംബരം പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. അവിടന്ന് അയാള്‍ എന്റെ സിനിമയുടെ അസിസ്റ്റന്റായി, അതിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമൊരുക്കിയ സംവിധായകനായി മാറി. അതെല്ലാം അത്ഭുതത്തോടെയേ കാണാന്‍ പറ്റുന്നുള്ളൂ,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy says Chidambaram worked as assistant director in Aadujeevitham