|

സാമ്പത്തികമായി ലാഭം കിട്ടിയ സിനിമയല്ല ആടുജീവിതം, പക്ഷേ മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ബ്ലെസിയായിരുന്നു. 10 വര്‍ഷത്തോളമെടുത്താണ് ബ്ലെസി ആടുജീവിതത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ആറുവര്‍ഷത്തോളമാണ് ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോയത്.

ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനുള്‍പ്പെടെ പത്ത് പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കാനും ആടുജീവിതത്തിന് സാധിച്ചു. എന്നാല്‍ ചിത്രം സാമ്പത്തികമായി ലാഭം തന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ബ്ലെസി.

ചിത്രത്തിന്റെ ബജറ്റ് വളരെ വലുതായിരുന്നെന്നും അതിനനുസരിച്ചുള്ള കളക്ഷന്‍ കിട്ടിയില്ലെന്നും ബ്ലെസി പറഞ്ഞു. ബ്രേക്ക് ഈവനായെന്ന് പറയാന്‍ കഴിയുമെങ്കിലും പ്രതീക്ഷിച്ച ലാഭം ആടുജീവിതത്തിന് ബോക്‌സ് ഓഫീസില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്ന് ബ്ലെസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സിനിമ കാരണം വേറെ ചില നല്ല കാര്യങ്ങള്‍ സംഭവിച്ചെന്നും ബ്ലെസി പറയുന്നു.

ഒരു മലയാളസിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് മികച്ച റീച്ച് ആടുജീവിതം നേടിയെന്നും ഒരുപാട് സ്ഥലങ്ങളില്‍ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടെന്നും ബ്ലെസി പറഞ്ഞു. ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് കിട്ടിയത് സന്തോഷം തന്ന ഒന്നായിരുന്നെന്നും അതെല്ലാം സിനിമ കൊണ്ടുണ്ടായ നല്ല കാര്യങ്ങളായി താന്‍ കണക്കാക്കുന്നുണ്ടെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

‘ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ.

എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ാെരു മലയാളസിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് നല്ല റീച്ച് ആ സിനിമക്ക് കിട്ടിയിട്ടുണ്ട്. അതിന് പുറമെ ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy says Aadujeevitham was not commercially successful

Latest Stories