ഈ കഥാപാത്രം ഞാന്‍ ചെയ്‌തോട്ടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചതോടുകൂടി ആ ക്യാരക്ടറിന്റെ ഡയമന്‍ഷന്‍ മാറി: ബ്ലെസി
Entertainment
ഈ കഥാപാത്രം ഞാന്‍ ചെയ്‌തോട്ടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചതോടുകൂടി ആ ക്യാരക്ടറിന്റെ ഡയമന്‍ഷന്‍ മാറി: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st May 2024, 4:32 pm

ബ്ലസി എന്ന സംവിധായകന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച സിനിമകളിലൊന്നായിരുന്നു പ്രണയം. 2011ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. പ്രണയം എന്ന സിനിമ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയതാണെന്നും മോഹന്‍ലാല്‍ ആ സമയത്ത് മനസിലുണ്ടായിരുന്നില്ലെന്നും ബ്ലെസി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

പ്രായമുള്ള ഒരാളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂക്കക്ക് വളരെ സന്തോഷമായെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് പകുതിയായപ്പോള്‍ മമ്മൂക്ക ഈ കഥാപാത്രത്തിനോട് ഓക്കെ പറയുമോ എന്ന് സംശയിച്ചുവെന്നും, സ്‌ക്രിപ്റ്റ് മമ്മൂക്ക തന്നെയാണ് വേറൊരാളെ നോക്കാന്‍ പറഞ്ഞതെന്നും ബ്ലസി പറഞ്ഞു. ഈ സമയം മുഴുവന്‍ മാത്യൂസ് എന്ന കഥാപാത്രത്തിന് സിനിമയില്‍ അത്ര പ്രാധാന്യം ഇല്ലായിരുന്നുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘പ്രണയം എന്ന സിനിമയുടെ കഥ മനസില്‍ ഉണ്ടായപ്പോള്‍ ഞാനത് മമ്മൂക്കയോട് സംസാരിച്ചു. പ്രായമായ ഒരാളെ അവതരിപ്പിക്കുക എന്നതാണ് മമ്മൂക്കയെ ഇതിലേക്ക് ആകര്‍ഷിച്ചത്. സ്‌ക്രിപ്റ്റ് വേഗം റെഡിയാക്കാന്‍ മമ്മൂക്ക പറഞ്ഞു. ആ സമയത്ത് ഷാജി കൈലാസും, എസ്.എന്‍ സ്വാമിയും മമ്മൂക്കയെ കാണാന്‍ വന്നപ്പോള്‍ അവരോട് മമ്മൂക്ക പറഞ്ഞത്, ‘ഞാന്‍ വൃദ്ധനായി അഭിനയിക്കാന്‍ പോകുന്നു എന്നായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതി ഒരു ഘട്ടമായപ്പോള്‍ എനിക്ക് സംശയമായി. അച്യൂതമേനാന്‍ എന്ന കഥാപാത്രം മമ്മൂക്കക്ക് ചേരുമോ എന്ന്.

നരച്ച താടിയും മുടിയുമായി ആ കഥാപാത്രത്തെ മമ്മൂക്ക അവതരിപ്പിക്കുമോ എന്നായി ടെന്‍ഷന്‍. വിഗ്ഗും ഡൈയും ഇല്ലാതെ നാച്ചുറലായി മമ്മൂക്ക അതിന് തയാറാകുമോ എന്ന് പേടിച്ചു. ഞാന്‍ എന്നിട്ട് മമ്മൂക്കയെ വിളിച്ച് എഴുതിയിടത്തോളമുള്ള സ്‌ക്രിപ്റ്റ് കേള്‍പ്പിച്ചു. കാരണം, ഷൂട്ട് തുടങ്ങിയ ശേഷം ഞങ്ങള്‍ തമ്മില്‍ വഴക്കാകണ്ടല്ലോ എന്നുള്ള ചിന്തയിലായിരുന്നു അത്.

പിന്നീട് ഞാന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തോട് ഈ കഥ പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് വിദശയാത്രകളുടെ തിരക്ക് വന്നതിനാല്‍ അദ്ദേഹത്തിനും ഇത് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയിരിക്കുമ്പോള്‍ കാസനോവയുടെ ഷൂട്ട് ദുബായില്‍ നടക്കുന്ന സമയത്ത് ഞാന്‍ ദുബായിലേക്ക് പോയ്. ബ്രേക്കിന്റെ സമയത്ത് ലാലേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്താണ് പുതിയ പ്രൊജക്ട് എന്ന് ചോദിച്ചു. ഞാന്‍ പ്രണയത്തിന്റെ കഥ പറഞ്ഞു. അതിന്റെ കൂടെ അച്യുതമേനോനായി ആരെയും ഇതുവരെ കിട്ടിയില്ല എന്നും പറഞ്ഞു.

ആ സമയത്താണ് മാത്യൂസിന്റെ കഥാപാത്രം ഞാന്‍ ചെയ്‌തോട്ടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചത്. അതുവരെ അത്ര പ്രാധാന്യമില്ലാത്ത വേഷം ലാലേട്ടന് ചോദിച്ചു വാങ്ങിയപ്പോള്‍ ആ കഥാപാത്രത്തിന്റെ പുതിയ ഡൈമന്‍ഷന്‍ ഞാന്‍ അവതരിപ്പിച്ചു. അച്യുതമേനോനായി അനുപം ഖേറും ഈ സിനിമയിലേക്ക് വന്നു,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy saying that Mammootty was in the initial stages of Pranayam movie