| Tuesday, 16th April 2024, 8:16 am

ഫ്‌ളൈറ്റിന്റെ ബോര്‍ഡിങ് പാസിലാണ് ഞാനാ ഡയലോഗ് എഴുതിയത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച സദസില്‍ പ്രദര്‍ശനം തുടരുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്ന് സിനിമാരൂപത്തിലെത്തിയപ്പോള്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയുകയാണ്. ഏറ്റവും വേഗത്തില്‍ 100കോടി ക്ലബില്‍ കയറിയ മലയാളചിത്രമെന്ന റെക്കോഡ് ആടുജീവിതത്തിനാണ്. ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം 100 കോടി നേടിയത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ക്ലൈമാക്‌സിലെ പൃഥ്വിയുടെ മോണോലോഗ് എഴുതാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും ഒടുവില്‍ ഒരു ഫ്‌ളൈറ്റ് യാത്രക്കിടെയാണ് ആ ഡയലോഗ് കിട്ടിയതെന്നും ബോര്‍ഡിങ് പാസില്‍ ആ ഡയലോഗ് എഴുതി വെച്ചുവെന്നും ബ്ലെസി പറഞ്ഞു. ആ സമയത്ത് പേന മാത്രമേ കൈയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പേപ്പര്‍ ഇല്ലാത്തതുകൊണ്ടാണ് ബോര്‍ഡിങ് പാസില്‍ എഴുതിയതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘ആടുജീവിതം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡയലോഗുകളിലൊന്നാണ് ക്ലൈമാക്‌സില്‍ പൃഥ്വി പറയുന്ന മോണോലോഗ്. മൂന്ന് വര്‍ഷം മരുഭൂമിയില്‍ ജീവിച്ചതിനെക്കാള്‍ പ്രയാസമായിരുന്നു മൂന്ന് മാസം ജയിലില്‍ ജീവിക്കാന്‍. തിരിച്ച് ചെല്ലുമ്പോല്‍ സൈനുവിന് കൊടുക്കാന്‍ എന്റെ ജീവിതം മാത്രമേ ഉള്ളൂ എന്ന ഡയലോഗാണ് അത്. ഒരുപാട് ആലോചിച്ചിട്ടും എനിക്ക് ഈ ഡയലോഗ് എഴുതാന്‍ പറ്റിയില്ല.

അതിന്റെ സ്ട്രക്ചര്‍ മനസിലുണ്ട്. പക്ഷേ പേപ്പറിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കുന്ന സമയത്ത് ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് എന്റെ മനസില്‍ പെട്ടെന്ന് ഈ ഡയലോഗ് വന്നു. എന്റെ കൈയില്‍ പേന മാത്രമേ ഉണ്ടായിരുന്നുള്ളൂ. പേപ്പര്‍ ഇല്ലായിരുന്നു. ആകെ കൈയിലുണ്ടായിരുന്നത് ബോര്‍ഡിങ് പാസായിരുന്നു. അതില്‍ ആ ഡയലോഗ് എഴുതി. ആ സമയത്ത് ആരോ നമ്മളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതാണ്. അങ്ങനെ കരുതാനാണ് എനിക്കിഷ്ടം,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy saying that he wrote a dialogue in boarding pass of flight

We use cookies to give you the best possible experience. Learn more