| Tuesday, 21st May 2024, 8:19 pm

ഭ്രമരത്തിലെ ആ സീനില്‍ പദ്മരാജന്‍ സാറിന്റെ എഴുത്തിന്റെ സ്വാധീനം എന്റെയുള്ളില്‍ വന്നതുപോലെ തോന്നി: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലെസി- മോഹന്‍ലാല്‍ കൂട്ടുകൊട്ടില്‍ വന്ന സിനിമകളെല്ലാം മികച്ചവയാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട സിനിമയാണ് ഭ്രമരം. ശിവന്‍കുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ചിത്രത്തിലെ ഒരു സീന്‍ എഴുതിയ സമയത്ത് തന്റെ ഗുരുവായ പദ്മരാജന്റെ സ്വാധീനം തന്റെയുള്ളില്‍ വന്നതുപോലെ തോന്നിയെന്ന് ബ്ലെസി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘സിനിമയുടെ അവസാന ഭാഗത്തില്‍ പെട്ടെന്ന ചിരിക്കുകയും അതിന് ശേഷം വയലന്റാവുകയും ചെയ്യുന്ന സീനിലാണ് തനിക്ക് പദ്മരാജന്‍ സാറിന്റെ സ്വാധീനം തോന്നിയതെന്ന് ബ്ലെസി പറഞ്ഞു. പദ്മരാജന്‍ സാറില്‍ നിന്ന് മാത്രമാണ് ഇത്തരത്തില്‍ കഥാപാത്രത്തിന്റെ ഉള്ളില്‍ നിന്ന് അപ്രതീക്ഷിതമായി വയലന്‍സ് പുറത്തുവരാറുള്ളതെന്ന് ബ്ലെസി കൂട്ടിച്ചേര്‍ത്തു. ശിവന്‍കുട്ടിയുടെ സ്‌ക്രീസോഫീനിയയുടെ സൂചന താന്‍ ആദ്യമേ കൊടുത്തിട്ടുള്ള കാര്യം എഴുത്ത് അവസാനിക്കാന്‍ നേരത്ത് മറന്നുവെന്നും ബ്ലെസി പറഞ്ഞു.

‘ഭ്രമരം എന്ന സിനിമ എഴുതി അവസാനത്തിലേക്കെത്തിയപ്പോള്‍ ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലായി. ശിവന്‍കുട്ടി എന്ന കഥാപാത്രം പെട്ടെന്ന വയലന്റാകുന്ന ഭാഗം മനസില്‍ സങ്കല്‍പിച്ചപ്പോള്‍ പദ്മരാജന്‍ സാറിന്റെ സ്വാധീനം ആ സീനില്‍ ഉള്ളതുപോലെ തോന്നി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ നിന്നാണ് സാധാരണ ഇത്തരത്തില്‍ പെട്ടെന്നുള്ള വയലന്‍സ് ഉണ്ടാകാറുള്ളത്.

പിന്നീട് ആ സ്‌ക്രിപ്റ്റ് ആദ്യം മുതല്‍ വായിച്ചപ്പോഴാണ് ശിവന്‍കുട്ടിയുടെ സ്‌ക്രീസോഫീനിയയെക്കുറിച്ച് ഞാന്‍ ആദ്യമേ സൂചിപ്പിച്ചിട്ടുണ്ടെന്ന് മനസിലാകുന്നത്. അയാളോട് ആദ്യത്തെ സീനില്‍ പേരെന്താണെന്ന് ചോദിക്കുമ്പോള്‍ അയാള്‍ ജോസ് എന്ന് പറയുന്നുണ്ട്. ആ സമയത്ത് അയാളുടെ ചെവിയില്‍ വണ്ടു മൂളുന്നതു പോലുള്ള ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് എഴുതി വെച്ചിട്ടുണ്ട്. അതെല്ലാം ഞാന്‍ പിന്നീടാണ് ശ്രദ്ധിക്കുന്നത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy saying that he got the influence of Padmarajan while writing a scene in Bhramaram

We use cookies to give you the best possible experience. Learn more