റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച സദസില്‍ പ്രദര്‍ശനം തുടരുകയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. മാര്‍ച്ച് 28ന് റിലീസായ ചിത്രം ഒമ്പത് ദിവസം കൊണ്ട് 100കോടി കളക്ഷന്‍ നേടി. 2008ല്‍ അനൗണ്‍സ് ചെയ്ത ചിത്രം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷവും ഷൂട്ട് തീരാന്‍ ആറ് വര്‍ഷവുമെടുത്തു. സിനിമക്കായ് നടന്‍ പൃഥ്വിരാജ് ശരീരഭാരം 30 കിലോയോളമാണ് കുറച്ചത്.
സിനിമയുടെ ട്രെയ്‌ലര്‍ റിലീസായപ്പോള്‍ പലരും പറഞ്ഞ വിമര്‍ശനമായിരുന്നു മരിയന്‍, ഗദ്ദാമ എന്നീ സിനിമകളുമായുള്ള സാമ്യം. 2011ല്‍ പുറത്തിറങ്ങിയ ഗദ്ദാമയുടെയും 2013ല്‍ പുറത്തിറങ്ങിയ മരിയന്‍ എന്ന തമിഴ് സിനിമയുടെയും കഥക്ക് ആടുജീവിതവുമായി ചെറിയ സാമ്യമുണ്ടെന്ന് പലരും ആരോപിച്ചിരുന്നു. എന്നാല്‍ 2008ല്‍ പുറത്തിറങ്ങിയ നോവലിനെയാണ് താന്‍ സിനിമയാക്കുന്നതെന്ന് പലരോടും പറഞ്ഞിരുന്നുവെന്നും ഈ സംഭവം തനിക്ക് ആങ്‌സൈറ്റി ഉണ്ടാക്കിയെന്നും ബ്ലെസി പറഞ്ഞു. വണ്ടര്‍ വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.
‘രമേശ് ബാലയുടെ സിനിമയായിരുന്നു മരിയന്‍. ആ സിനിമ കാണുന്നതുവരെ ആങ്‌സൈറ്റിയും വിഷമവുമൊക്കെയായിരുന്നു. ബാലയോട് ഇതിനെപ്പറ്റി ചോദിക്കുന്ന സമയത്ത് അദ്ദേഹം അതില്‍ നിന്ന് ബുദ്ധിപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു. എനിക്ക് വേണമെങ്കില്‍ ആ സമയത്ത് പറയാമായിരുന്നു, ഈ സീനുകള്‍ പുസ്തകത്തില്‍ നിന്ന് എടുത്തതാണെന്ന്. പക്ഷേ, ഞാനതിന് മുതിര്‍ന്നില്ല.
ട്രെയ്‌ലര്‍ കണ്ടപ്പോള്‍ പലരും ആടുജീവിതം മരിയാനില്‍ നിന്ന് ഇന്‍സ്പയറായതാണെന്ന് പറഞ്ഞിരുന്നു. അതൊക്കെ റിലീസ് വരെയേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ സിനിമയെക്കുറിച്ച് നമുക്കുള്ള കോണ്‍ഫിഡന്‍സ് കാരണമാണ് ആ സമയത്ത് ഒന്നും സംസാരിക്കാതെയിരുന്നത്.
അതുപോലെ കമല്‍ സാര്‍ സംവിധാനം ചെയ്ത് കാവ്യാ മാധവന്‍ അഭിനയിച്ച ഗദ്ദാമ എന്ന സിനിമ. ആടുജീവിതം ഞാന്‍ സിനിമയാക്കാന്‍ തീരുമാനിച്ച് കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഈ സിനിമ റിലീസാകുന്നത്. ആ സമയത്ത് പലരും എന്നോട് ചോദിച്ചു, എന്തിനാണ് ഇനി ഈ സിനിമ ചെയ്യുന്നത്, അതുപോലൊരു സിനിമ ഇറങ്ങിയില്ലേ എന്ന്. കഥാപശ്ചാത്തലം മാത്രമല്ലേ മാറുന്നുള്ളൂ, ഒരു പെണ്‍കുട്ടി അവിടെ ജോലിക്ക് ചെല്ലുന്നു, അവിടുന്ന് രക്ഷപ്പെട്ട് പോകുന്നു എന്ന്. ആ സമയത്തും എനിക്ക് എന്റെ സിനിമയില്‍ കോണ്‍ഫിഡന്‍സുള്ളതുകൊണ്ടാണ് മുന്നോട്ടു പോയത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy saying that he got anxiety when Mariyan and Gaddama compared with Aadujeevitham