മാത്യൂസ് എന്ന കഥാപാത്രത്തിനായി എസ്.പി. ബാലസുബ്രഹ്‌മണ്യത്തെയും സമീപിച്ചിരുന്നു, അദ്ദേഹത്തിന് കഥ ഇഷ്ടമായി പക്ഷേ...: ബ്ലെസി
Entertainment
മാത്യൂസ് എന്ന കഥാപാത്രത്തിനായി എസ്.പി. ബാലസുബ്രഹ്‌മണ്യത്തെയും സമീപിച്ചിരുന്നു, അദ്ദേഹത്തിന് കഥ ഇഷ്ടമായി പക്ഷേ...: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 9:31 pm

പദ്മരാജന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറക്കിയ കാഴ്ചയിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്. 20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്തത്. രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബ്ലെസി നേടിയിട്ടുണ്ട്.

ബ്ലെസിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം മനോഹരമായ പ്രണയകഥയാണ് പറഞ്ഞത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് ബ്ലെസിക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു.

ചിത്രത്തിലെ മാത്യൂസ് എന്ന കഥാപാത്രത്തിന് വേണ്ടി ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ബ്ലെസി. കഥ പറയുവാന്‍ വേണ്ടി എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ സമീപിച്ചുവെന്നും അദ്ദേഹത്തോട് പ്രണയത്തിന്റെ കഥ വിശദമായി പറഞ്ഞുവെന്നും ബ്ലെസി പറഞ്ഞു.

കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായെന്നും എന്നാല്‍ ഇത്രയും ഡെപ്തുള്ള കഥാപാത്രം എങ്ങനെ ചെയ്യുമെന്നുള്ള സംശയം പറഞ്ഞുവെന്നും ഭാഷ പ്രശ്‌നമായതുകൊണ്ട് അദ്ദേഹം പിന്മാറിയെന്നും ബ്ലെസി പറഞ്ഞു. പിന്നീടാണ് ആ കഥാപാത്രം മോഹന്‍ലാലിലേക്കെത്തിയതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാത്യൂസ് എന്ന കഥാപാത്രം ചെയ്യാന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെയും പരിഗണിച്ചിരുന്നു. അദ്ദേഹത്തോട് ഈ കഥ വിശദമായി തന്നെ പറഞ്ഞു. അദ്ദേഹത്തിന് ഈ കഥ വളരെ ഇഷ്ടമായി. പക്ഷേ ആ കഥാപാത്രത്തിന്റെ ഇമോഷന്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് പറഞ്ഞു. അതിനുള്ള പ്രധാന കാരണമായി അദ്ദേഹം പറഞ്ഞത് ഭാഷയുടെ വ്യത്യാസമാണ്.

പിന്നീട് റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയുടെ ഷൂട്ട് ദുബായില്‍ നടക്കുന്ന സമയത്ത് ഞാന്‍ ചുമ്മാ അവിടെ ചെന്നു. ലാലേട്ടനോട് വെറുതെ ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കഥ ഇഷ്ടമായി. ‘ഞാനിത് ചെയ്‌തോട്ടെ’ എന്ന് ലാലേട്ടന്‍ ചോദിച്ചു. അങ്ങനെയാണ് മാത്യൂസ് എന്ന കഥാപാത്രം മോഹന്‍ലാല്‍ ചെയ്യുന്നത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy saying that he considered SP Balasubramanyam for Mohalal’s character in Pranayam movie