പകുതി സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍, ഈ റോളിലേക്ക് പുതിയ ആളെ നോക്കുന്നതാണ് നല്ലതെന്ന് മമ്മൂക്ക തന്നെ പറഞ്ഞു: ബ്ലെസി
Entertainment
പകുതി സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍, ഈ റോളിലേക്ക് പുതിയ ആളെ നോക്കുന്നതാണ് നല്ലതെന്ന് മമ്മൂക്ക തന്നെ പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th July 2024, 4:39 pm

ബ്ലെസി സംവിധാനം ചെയ്ത മികച്ച സിനിമകളില്‍ ഒന്നാണ് 2011ല്‍ പുറത്തിറങ്ങിയ പ്രണയം. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തില്‍ അച്യുതമേനോന്‍ എന്ന കഥാപാത്രത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം മമ്മൂട്ടിയുടേതായിരുന്നുവെന്നും എന്നാല്‍ എഴുതി വന്നപ്പോള്‍ മമ്മൂട്ടിക്ക് ഇത് ചേരുമോ എന്ന് ചിന്തിച്ചുവെന്നും ബ്ലെസി പറഞ്ഞു.

ആദ്യം കഥ കേട്ടപ്പോള്‍ മമ്മൂട്ടിക്ക് അത് ഓക്കെയായിരുന്നുവെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ ഇത് മമ്മൂട്ടിയെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് താന്‍ ചിന്തിച്ചിരുന്നുവെന്നും ബ്ലെസി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘പ്രണയം എന്ന സിനിമയുടെ കഥ മനസില്‍ വന്നപ്പോള്‍ മമ്മൂക്കയെയായിരുന്നു അച്യുതമേനോനായി മനസില്‍ കണ്ടത്. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ പുള്ളിക്കും ഓക്കെയായി. പ്രായമായ ഒരാളെ അവതരിപ്പിക്കുക എന്നതായിരുന്നു മമ്മൂക്കയെ ഇതിലേക്ക് ആകര്‍ഷിച്ചത്. ആ സമയത്ത് പുള്ളിയെ കാണാനെത്തിയ ഷാജി കൈലാസിനോടും, എസ്.എന്‍ സ്വാമിയോടും മമ്മൂക്ക പറഞ്ഞത് ‘ഞാനൊരു വൃദ്ധന്റെ വേഷം ചെയ്യാന്‍ പോകുന്നു’ എന്നായിരുന്നു.

പക്ഷേ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ അച്യുതമേനോനായി മമ്മൂക്ക ശരിയാകുമോ എന്ന് തോന്നി. നരച്ച മുടിയും കുറ്റിത്താടിയും എല്ലാം റിയലായി വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അപ്പോള്‍ ഷൂട്ട് തുടങ്ങി ഈയൊരു കാര്യത്തില്‍ മമ്മൂക്കയുമായി വഴക്ക് വേണ്ട എന്ന കാരണം കൊണ്ട് ഞാന്‍ അതുവരെ എഴുതിയ സ്‌ക്രിപ്റ്റ് മമ്മൂക്കയോട് പറഞ്ഞു.

ചെറുപ്പകാലം ഒക്കെ മറ്റൊരു നടനെ വെച്ച് ചെയ്താല്‍ ഇവരുടെ കഥാപാത്രത്തെ ബാധിക്കുമെന്ന് വേറെ പ്രശ്‌നവുമുണ്ട്. അത് മാത്രമല്ല, ഇവരുടെ ചെറുപ്പം കാണിക്കുന്നതിന് ഒരു ലിമിറ്റേഷനുമുണ്ട്.എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ പറഞ്ഞു, ഇത് പുതിയ ആരെയെങ്കിലും വെച്ച് ചെയ്യുന്നതാണ് നല്ലതെന്ന്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy saying that he considered first Mammootty for the role of Anupam Kher in Pranayam