| Friday, 29th March 2024, 8:02 pm

ആടുജീവിതത്തിന്റെ വ്യാജൻ പ്രചരിക്കുന്നു; പരാതിയുമായി സംവിധായകൻ ബ്ലെസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി : ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയതിൽ സംവിധായകൻ ബ്ലെസി പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിനുമാണ് ബ്ലെസി പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്.

ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ് വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുളളത്. ഐ.പി.ടി.വി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

യഥാർത്ഥ കഥയെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ നോവലിന്റെ അടിസ്ഥാനത്തിൽ ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണിത്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടി പത്ത് വര്ഷത്തോളമെടുത്ത് ഇന്നലെ റിലീസ് ആയ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം. ചിത്രം മികച്ച പ്രതികരണങ്ങളോടെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജിന് പുറമെ അമല പോൾ, ഗോകുൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Blessy filed a complaint with the police for releasing a fake version of the movie Aadujeetvam

We use cookies to give you the best possible experience. Learn more