ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം.
ചിത്രത്തിലെ നായകനായ നജീബിനെ അവതരിപ്പിക്കുന്നത് മറ്റ് ഭാഷയിലെ നടന്മാര്‍ ആയിരിക്കുമെന്ന് തുടക്കത്തില്‍ റൂമറുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവുമധികം കേട്ട പേരുകള്‍ വിക്രമിന്റെയും സൂര്യയുടെയും ആയിരുന്നു. ഏറ്റവുമൊടുവിലാണ് പൃഥ്വിരാജിലേക്ക് എത്തിയത്. സൂര്യ ഈ സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ബ്ലെസി. ചിത്രത്തിന്റെ പ്രൊമോഷമുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.
‘സൂര്യയോടും ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. ശാരീരികമായി ഒരുപാട് തയാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്ന് കഥ പറയുന്ന സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. സൂര്യക്ക് കഥ വളരെ ഇഷ്ടമായി. പക്ഷേ ശാരീരികമായി കഷ്ടപെപടാന്‍ അയാള്‍ക്ക് ആ സമയത്ത് പറ്റില്ലായിരുന്നു.
അതിന് മുമ്പ് അതുപോലൊരു സിനിമ അയാള്‍ ചെയ്തു തീര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. വാരണം ആയിരം എന്ന സിനിമക്ക് വേണ്ടി ഒരു തവണ മെലിഞ്ഞ് വീണ്ടും പഴയ രീതിയിലേക്ക് ബോഡി ആക്കി വന്ന സമയമായിരുന്നു അത്. ആടുജീവിതം പോലെ വണ്‍സ് ഇന്‍ എ ലൈഫ് കഥാപാത്രം പോലൊന്ന് ചെയ്തു കഴിഞ്ഞ ഉടനെ വീണ്ടും ട്രാന്‍സ്‌ഫോര്‍മേഷന് പറ്റാത്തതുകൊണ്ട് സൂര്യ പിന്മാറുകയായിരുന്നു. പിന്നീടാണ് പൃഥ്വിയിലേക്കെത്തുന്നത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy explains why Surya rejected Aadujeevitham movie