| Wednesday, 27th June 2012, 10:03 am

ബ്ലസി ചിത്രത്തിനായി ശ്വേതാമേനോന്റെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: നടി ശ്വേതാമേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കുന്നു. ബ്ലസി ചിത്രത്തിനുവേണ്ടി  ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കി.

ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തേക്കുറിച്ചു സിനിമയെടുക്കാന്‍ രണ്ടു വര്‍ഷം മുമ്പാണു ബ്ലെസി ആലോചിച്ചത്. ഇതിന് തയ്യാറാണെന്ന് ശ്വേത അറിയിച്ചതോടെ ബ്ലസി ഇതേക്കുറിച്ചു ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമായി സംസാരിച്ചു. ഇരുവരെയുടെയും സമ്മതം ലഭിച്ചതോടെ ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണു സിനിമ ആവിഷ്‌കരിക്കുന്നത്.

” ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം”- പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നു.

“അഭിനയം എന്റെ ജീവനാണ്‌. അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം.” ശ്വേത വ്യക്തമാക്കി.

“ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേത്‌. അപ്പോഴാണു ഇതു സ്ത്രീയോടു കാണിക്കുന്ന അനീതിയാണെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ശ്രീവത്സനം ഞാനും തീരുമാനിച്ചത്‌” നടി വ്യക്തമാക്കി.

ഗര്‍ഭിണിയായ ശേഷം താന്‍ ഇതിനകം തന്നെ മൂന്ന് ചിത്രങ്ങള്‍ ചെയ്തു. ആക്ഷന്‍, കട്ട് കേട്ടുകൊണ്ടാണ് തന്റെ കുഞ്ഞ് വളരുന്നത്. ഇനിയവനു താനൊരു സിനിമക്കഥയും പറഞ്ഞുകൊടുക്കാന്‍ പോകുന്നു. ഇതിനെക്കുറിച്ചു പലരും പലതരത്തിലും പ്രതികരിക്കും. പക്ഷേ തന്റെ ജോലിയോടുള്ള സമര്‍പ്പണം മാത്രമാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

തന്റെ സിനിമയിലേക്കു ജീവിതവുമായി ശ്വേത കടന്നുവരികയായിരുന്നുവെന്നു സംവിധായകന്‍ ബ്ലസി പറഞ്ഞു. നേരത്തെ ചില ശാസ്ത്ര സിനിമകളില്‍ ഇത്തരം രംഗം പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more