ആടുജീവിതത്തിലേക്ക് അമല പോളിനെ പരിഗണിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി. സൈനുവിനെ പിരിഞ്ഞിരിക്കുക എന്നത് നജീബിനെ ആഴത്തിൽ ബാധിച്ചിട്ടുള്ള കാര്യമാണെന്നും കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്ന ബോധ്യമാണ് നജീബിനെ ആ ദുരിതമൊക്കെ താണ്ടാൻ പ്രാപ്തനാക്കുന്നതെന്നും ബ്ലെസി പറഞ്ഞു.
ആ ഫീൽ പ്രേക്ഷകരിലേക്ക് പകരണമെങ്കിൽ അത്രയും അഭിനയ ശേഷിയുള്ള ഒരാൾ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നിയെന്നും അപ്പോൾ മനസിലേക്ക് വന്ന മുഖം അമല പോളിന്റേതാണെന്നും ബ്ലെസി കൂട്ടിച്ചേർത്തു. പല ആർട്ടിസ്റ്റുകളുടെയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നും അങ്ങനെ ഒരാളാണ് അമലയെന്നും ബ്ലെസി വനിതയോട് പറഞ്ഞു.
‘നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസിലുണ്ട്. അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണത്. സിനിമയെ സംബന്ധിച്ച് നോവലിൽ നിന്നും വ്യത്യസ്തമായ ഒരു വൈകാരിക തുടർച്ച ആവശ്യമാണ്. അകലെയായിരിക്കുമ്പോൾ നമ്മളെ ഏറ്റവും അധികം സ്പർശിക്കുക പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമകളാണ്. ഞാൻ വൈകാരികമായി ചിന്തിക്കുന്ന ആളാണ്.
സൈനുവിനെ പിരിഞ്ഞിരിക്കുക എന്നത് നജീബിനെ ആഴത്തിൽ ബാധിച്ചിട്ടുള്ള കാര്യമാണ്. കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്ന ബോധ്യമാണ് നജീബിനെ ആ ദുരിതമൊക്കെ താണ്ടാൻ പ്രാപ്തനാക്കുന്നത്. തിരിച്ചും നജീബ് അടങ്ങി വരുമെന്ന് സൈനുവിന്റെ വിശ്വാസമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.
ആ ഫീൽ സിനിമയിൽ വരണമെങ്കിൽ, പ്രേക്ഷകരിലേക്ക് പകരണമെങ്കിൽ അത്രയും അഭിനയ ശേഷിയുള്ള ഒരാൾ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അപ്പോൾ മനസിൽ തെളിഞ്ഞ മുഖം അമല പോളിന്റേതാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് പല ആർട്ടിസ്റ്റുകളുടെയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്, അങ്ങനെ ഒരാളാണ് അമല.
ആടുജീവിതം സിനിമയിൽ ഒരുപാട് സീനുകൾ ഉള്ള കഥാപാത്രമല്ല അമലയുടേത്. ഏതാനും രംഗങ്ങളിൽ പ്രേക്ഷകരുടെ മനസിൽ മായാതെ പതിയണം. അതായിരുന്നു വെല്ലുവിളി. അമലയ്ക്ക് അത് മനോഹരമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും വലിയ ആകർഷകത നജീബ് നാട്ടിൽ നിന്ന് പോകുമ്പോൾ സൈനു ഗർഭിണിയായിരുന്നു എന്നതു പോലെ സിനിമ റിലീസ് ആകുമ്പോൾ അമലയും അമ്മയും ആകാനുള്ള തയ്യാറെടുപ്പിലാണ്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blesy about why he choose amala paul as sainu