വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.
വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി 2009ല്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി. ഭ്രമരം ഇറങ്ങി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.
ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് ഭീമം എന്നായിരുന്നുവെന്നും എന്നാൽ ആ സമയത്ത് മമ്മൂട്ടിയെ നായകനാക്കി അങ്ങനെയൊരു സിനിമ മറ്റൊരു സംവിധായകൻ പ്രഖ്യാപിച്ചിരുന്നുവെന്നും ബ്ലെസി പറയുന്നു. പിന്നീട് സിനിമയുടെ പേര് ഭീഷ്മ എന്നാക്കി മാറ്റിയെന്നും എന്നാൽ സംവിധായകൻ ലോഹിതദാസ് ഭീഷ്മർ എന്ന പേരിൽ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നുവെന്നും ബ്ലെസി പറഞ്ഞു. ഒടുവിലാണ് ഭ്രമരം എന്ന പേരുണ്ടായതെന്നും സിനിമയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന പേരായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
‘ഭ്രമരത്തിന്റെ ആദ്യത്തെ പേര് ഭ്രമരം എന്നായിരുന്നില്ല. ഭീമം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നെയത് ഭീഷ്മം എന്നായി. ടി.കെ. രാജീവ് കുമാർ മമ്മൂക്കയെ വെച്ച് പ്ലാൻ ചെയ്ത ഒരു സിനിമയുടെ പേരായിരുന്നു ഭീമം.
ഭീമം വേറെയാളുകൾ ചെയ്യുന്നുവെന്ന് കണ്ട് ഭീഷ്മമാക്കി മാറ്റി. പക്ഷെ അപ്പോൾ ലോഹിയേട്ടൻ ഭീഷമർ എന്ന പേരിൽ ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ടെന്ന് പറഞ്ഞു. അങ്ങനെ ഭീഷ്മം മാറ്റിയാണ് ഭ്രമരത്തിൽ എത്തുന്നത്.
ഭ്രമരത്തിന്റെ അർത്ഥം നോക്കിയപ്പോഴാണ് വണ്ടിന്റെ മൂളലാണ് അതിന്റെ അർത്ഥം. പിന്നെ റോമിങ് എന്നൊക്കെ അതിന്റെ അർത്ഥം വരുന്നുണ്ട്. പിന്നെ ഞാൻ സ്ക്രിപ്റ്റ് വായിച്ചു നോക്കിയപ്പോഴാണ് അയാളുടെ ചെവിയിൽ വണ്ട് മൂളുന്ന പോലെയെന്ന് ഞാൻ എഴുതിയിട്ടുണ്ട്. ഭ്രമരം എന്ന പേര് വരുന്നതിന് എത്രയോ മുമ്പാണ് അത് എഴുതിയിട്ടുള്ളത്,’ബ്ലെസി പറയുന്നു.
Content Highlight: Blessy About Title Of Bhramaram Movie