| Tuesday, 3rd September 2024, 8:22 pm

ക്ലാരയുടെ ചിരിയെപ്പറ്റി പദ്മരാജന്‍ സാര്‍ എഴുതിവെച്ചത് അങ്ങനെയായിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായി പരിഗണിക്കുന്ന സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. പദ്മരാജന്‍ സംവിധാനം ചെയ്ത് 1987ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. റിലീസ് ചെയ്ത സമയത്ത് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന തൂവാനത്തുമ്പികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ക്ലാസിക്ക് എന്ന നിലയിലേക്ക് ഉയര്‍ന്നു.

ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒന്നാണ്. ചിത്രത്തില്‍ പദ്മരാജന്റെ സംവിധാന സഹായിയായി ബ്ലെസിയുമുണ്ടായിരുന്നു. തൂവാനത്തുമ്പികളിലൂടെയാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചിത്രത്തില്‍ പദ്മരാജനോടൊപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബ്ലെസി.

പദ്മരാജനോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ എഴുത്താണെന്ന് ബ്ലെസി പറഞ്ഞു. ക്ലാരയുടെ ചിരിയെപ്പറ്റി പദ്മരാജന്‍ എഴുതിയത് അവളുടെ ചിരി നുരഞ്ഞ് പുറത്തേക്കൊഴുകി എന്നാണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ആ എഴുത്ത് വായിക്കുമ്പോള്‍ തന്നെ അതിന്റെ ഫീല്‍ തനിക്ക് കിട്ടിയിരുന്നെന്നും കാഴ്ചയിലും ഭ്രമരത്തിലും ഇത്തരം എഴുത്തുകള്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും ബ്ലെസി പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘കാഴ്ചയിലായാലും ഭ്രമരത്തിലായാലും മമ്മൂക്കയുടെയും ലാലേട്ടന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ ഞാന്‍ വെച്ചിട്ടുണ്ട്. ചുമ്മാ വെക്കുന്നതല്ല അതൊന്നും. ആ സീനില്‍ കഥാപാത്രത്തിന്റെ ഫീല്‍ എന്താണെന്ന് അവരുടെ നോട്ടത്തിലൂടെ അറിയിക്കാന്‍ വേണ്ടി ഞാനത് സ്‌ക്രിപ്റ്റില്‍ എഴുതിവെക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ ഷോട്ടിന്റെ ഇംപാക്ട് ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ കിട്ടില്ല. ഇക്കാര്യം ഞാന്‍ പഠിച്ചത് പദ്മരാജന്‍ സാറിന്റെയടുത്ത് നിന്നാണ്.

തൂവാനത്തുമ്പികളില്‍ ക്ലാരയുടെ ചിരിയെക്കുറിച്ച് എഴുതിവെച്ചത് ഇങ്ങനെയായിരുന്നു. ‘ക്ലാരയുടെ ഉള്ളില്‍ ചിരി നുരഞ്ഞ് പുറത്തേക്കൊഴുകുകയാണ്,’ അത് വായിക്കുമ്പോള്‍ നമുക്കും അതിന്റെ ആ ഫീല്‍ കിട്ടും. അത്രമാത്രം മനോഹരമായാണ് പദ്മരാജന്‍ സാര്‍ അതെഴുതിയത്. ഞാന്‍ അതുപോലെ എന്റെ എല്ലാ സിനിമകളിലും ചെയ്യാറുണ്ട്. ഭ്രമരത്തില്‍ മോഹന്‍ലാലിന്റെ ക്യാരക്ടറിനോട് പേര് ചോദിക്കുമ്പോള്‍ പുള്ളി കൊടുക്കുന്ന റിയാക്ഷന്‍ അതിന് ഉദാഹരണമാണ്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about Thoovanathumbikal movie and Padmarajan

We use cookies to give you the best possible experience. Learn more