| Saturday, 30th March 2024, 3:57 pm

ഭ്രമരം സിനിമയുടെ കഥ എഴുതി തുടങ്ങിയപ്പോള്‍ അതിന്റെ പൂര്‍ണരൂപം എന്റെയുള്ളില്‍ ഇല്ലായിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി 2009ല്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി.

ചിത്രത്തിന്റെ കഥയെഴുതിയപ്പോള്‍ ഉള്ള അനുഭവം പങ്കുവെക്കുകയാണ് ബ്ലെസി. എഴുതി തുടങ്ങിയ സമയത്ത് കഥയുടെ പൂര്‍ണരൂപം മനസിലുണ്ടായിരുന്നില്ലെന്ന് ബ്ലെസി പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പകുതിയോളം കഥ എഴുതിയ ശേഷം ആദ്യം മുതല്‍ വായിച്ചപ്പോള്‍ ശിവന്‍കുട്ടി എന്ന കഥാപാത്രത്തിന് ഭ്രാന്താണെന്ന് തോന്നിയിട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു.

‘സിനിമയുടെ മേക്കിങിനെക്കാള്‍ ബുദ്ധിമുട്ട് കഥയെഴുതാനാണ്. മേക്കിങ് എന്നു പറയുന്നത് കൂട്ടമായിട്ടുള്ള ഒരു പ്രൊസസ്സാണ്. പക്ഷേ എഴുതുമ്പോള്‍ നിങ്ങള്‍ അവിടെ ഒറ്റക്കേ ഉണ്ടാവുള്ളൂ, ആ സമയത്ത് ദാരാളം തടസ്സങ്ങള്‍ നിങ്ങളുടെ മുന്നില്‍ ഉണ്ടാവും. ഭ്രമരം എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് അതിന്റെ പൂര്‍ണരൂപം എന്റെ മനസില്‍ ഉണ്ടായിരുന്നില്ല. നാലഞ്ച് സീനുകള്‍ എഴുതിയ ശേഷം എന്താണ് ഈ കഥയുടെ ബാക്കി എന്ന് ഞാന്‍ ഇരുന്ന് ചിന്തിച്ചു.

ആ സിനിമയുടെ കഥ എന്ന് പറഞ്ഞാല്‍, ഒരു വീട്ടിലേക്ക് പെട്ടെന്നൊരു ദിവസം ഒരാള്‍ കടന്നുവരുന്നു. അയാള്‍ക്ക് ആ വീട്ടിലെ എല്ലാവരെയും അറിയാം. എല്ലാവരുമായും അടുക്കുന്നു. എന്നാല്‍ ആ വീട്ടിലുള്ള ആര്‍ക്കും അയാളെ അറിയില്ല. എല്ലാവരോടും അയാള്‍ പറഞ്ഞിരിക്കുന്ന പേര് ജോസ് എന്നാണ്. ഇത്രയുമായപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഇനി മുന്നോട്ട് എന്ത് എഴുതുമെന്ന്. പിന്നീട് അവര്‍ മൂന്നുപേരും കൂടി യാത്ര ചെയ്യുന്ന സമയത്ത് ലോറിയും കൊണ്ട് ഒരു കുന്നിന്റെ മുനമ്പില്‍ കൊണ്ട് നിര്‍ത്തിയിട്ട് കൈകൊട്ടി ചിരിക്കുന്നുണ്ട്.

ഇതിന് ശേഷം ഞാന്‍ ആദ്യം മുതല്‍ ആ കഥ ഒന്നുകൂടി വായിച്ചു. അപ്പോള്‍ എനിക്ക് തോന്നിയത്, ഈ ശിവന്‍കുട്ടി എന്ന കഥാപാത്രത്തിന് ഭ്രാന്താണോ എന്നാണ്. അയാളുടെ പേര് ജോസ് എന്ന് പറയുമ്പോള്‍ ആ സമയം അയാളുടെ ചവിയില്‍ ഒരു വണ്ട് മൂളി എന്ന് എഴുതി വെച്ചിട്ടുണ്ട. ആ സമയത്ത് ഭ്രമരം എന്ന വാക്ക് എന്റെ മനസില്‍ ഉണ്ടായിരുന്നില്ല,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the writing process of Bhramaram movie

We use cookies to give you the best possible experience. Learn more