ആടുജീവിതത്തിന്റെ ഷൂട്ടിന്റെ സമയത്ത് അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചിന്തകള്‍ മനസിലുണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി. എന്നാല്‍ അത് സിനിമയുടെ തുടര്‍ച്ചയായിരുന്നില്ലെന്നും നജീബിന് വേണ്ടി കാത്തിരിക്കുന്ന സൈനുവിന്റെ കഥയാണെന്നും ബ്ലെസി പറഞ്ഞു. അതിന്റെ കുറേ ഷോട്ടുകള്‍ മനസിലുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ആടുജീവിതത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന ചിന്ത മനസിലുണ്ടായിരുന്നു. ഇപ്പോള്‍ പല സിനിമയിലും കാണുന്ന പോലെ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയല്ല അത്. നജീബിന് വേണ്ടി കാത്തിരിക്കുന്ന സൈനുവിനെക്കുറിച്ച് സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിന്റെ ഐഡിയ പലരോടും സംസാരിച്ചിരുന്നു. അതിന്റെ പല ഷോട്ടും മനസില്‍ കാണുകയും ചെയ്തിരുന്നു.
നജീബിന്റെ ഫോണ്‍ വരുന്നതും കാത്ത് ബൂത്തിന്റെ മുന്നില്‍ നില്‍ക്കുന്ന സൈനു, പോസ്റ്റ് ഓഫീസില്‍ കത്ത് വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത്, റേഷന്‍ കടയില്‍ അരി വാങ്ങാന്‍ പോകുമ്പോള്‍ മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കേണ്ടി വരുന്നത് അങ്ങനെ രണ്ടുമൂന്ന് ഷോട്ടുകള്‍ മനസില്‍ കണ്ടിരുന്നു. അമലാ പോള്‍ തന്റെ പാച്ച് വര്‍ക്കിന് വന്നപ്പോള്‍ ഞാനിത് അവരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇതുപോലെ സൈനുവിന്റെ കാത്തിരിപ്പിനെക്കുറിച്ച് ഒരു കഥ മനസിലുണ്ട്, എന്ന് പറഞ്ഞ് ഞാന്‍ അവരോട് കഥ പറഞ്ഞു. അമലക്ക് അത് വളരെ ഇഷ്ടമായി. കഥ പറയാനും കേള്‍ക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. കഥയായിട്ട് ഇങ്ങനെ ഒന്ന് മനസിലുണ്ട്. സിനിമയാക്കാനുള്ള ചിന്ത തത്കാലം ഇല്ല,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy about the second part of Aadujeevitham