| Saturday, 30th March 2024, 1:28 pm

തന്മാത്രയുടെ സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് എന്നെ ഏറ്റവും കരയിപ്പിച്ച സീന്‍ അതായിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും ഓര്‍ക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. 1986ല്‍ പദ്മരാജന്റെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടി നായകനായ കാഴ്ച നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടി. ആറ് സിനിമകള്‍ സംവിധാനം ചെയ്ത ബ്ലെസി മൂന്ന് തവണ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. 16 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ തന്റെ ഡ്രീം പ്രൊജക്ടായ ആടുജീവിതം റിലീസിനെത്തുകയും ഗംഭീര അഭിപ്രായം നേടി മുന്നേറുകയുമാണ്.

ബ്ലെസിയുടെ മികച്ച സിനിമകളിലൊന്നാണ് 2005ല്‍ റിലീസായ തന്മാത്ര. മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡും ബ്ലെസിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡും നേടിക്കൊടുത്ത സിനിമയാണിത്. ചിത്രത്തിലെ രമേശന്‍ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ വിങ്ങലാണ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ ഏറ്റവുമധികം കരയിപ്പിച്ച രംഗം ഏതെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘ട്രാജിക് ആയിട്ടുള്ള കഥകള്‍ എഴുതുമ്പോള്‍ ഞാന്‍ ചില സമയത്ത് ഇമോഷണലായിട്ടുണ്ട്. തന്മാത്ര എന്ന സിനിമ എഴുതുമ്പോള്‍ പല ഭാഗത്തും കരഞ്ഞിട്ടുണ്ട്. നമ്മള്‍ ആ കഥാപാത്രമായി മാറുമ്പോള്‍ ഉള്ള അവസ്ഥയില്‍ അങ്ങനെ വരുന്നതാണ്. മനു എന്ന മകന്‍, തനിക്ക് ഐ.എ.എസ് കിട്ടി എന്ന പറയുമ്പോള്‍ സാറാരാ എന്ന് മോഹന്‍ലാലിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു സീനുണ്ട്.

സ്വന്തം മകനോട് അച്ഛന്‍ ചോദിക്കുകയാണ് നീയാരാണെന്ന്. തകര്‍ന്നു പോകുന്ന അവസ്ഥയാണ് അതൊക്കെ. ആ സമയത്ത് കരഞ്ഞുകൊണ്ടല്ലാതെ എനിക്ക് എഴുതി തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. ആ അവസ്ഥയിലൂടെ നമ്മളും കടന്നുപോകുമ്പോള്‍ എങ്ങനെയായിരിക്കും എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. അപ്പോള്‍ നമ്മളും സ്വാഭാവികമായും കരഞ്ഞു പോകും,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the scene that makes him cry while writing the script of Thanmathra

We use cookies to give you the best possible experience. Learn more