പാട്ടുകളെപ്പറ്റി ചിന്തിക്കുന്നതിന് മുന്നേ ആ രംഗം എന്റെ മനസിലുണ്ടായിരുന്നു, അത് ഞാന്‍ രാജുവിനോടും പറഞ്ഞിരുന്നു: ബ്ലെസി
Entertainment
പാട്ടുകളെപ്പറ്റി ചിന്തിക്കുന്നതിന് മുന്നേ ആ രംഗം എന്റെ മനസിലുണ്ടായിരുന്നു, അത് ഞാന്‍ രാജുവിനോടും പറഞ്ഞിരുന്നു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2024, 10:43 pm

ആടുജീവിതം സിനിമയിലെ പല രംഗങ്ങളും ആദ്യമേ താന്‍ മനസില്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ തന്റെ മനസില്‍ ആദ്യം തന്നെ വിഷ്വലൈസ് ചെയ്തിരുന്നുവെന്നും പൃഥ്വിയോട് അക്കാര്യം പറഞ്ഞിരുന്നുവെന്നും ബ്ലെസി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ചിത്രത്തില്‍ നജീബും സൈനുവും തമ്മിലുള്ള പ്രണയരംഗങ്ങള്‍ക്ക് മികച്ച അഭിപ്രായമായിരുന്നു. നോവലില്‍ ഇല്ലാത്ത അത്തരം രംഗങ്ങള്‍ താന്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും ബ്ലെസി മുന്നേ പറഞ്ഞിരുന്നു. ചിത്രത്തില്‍ ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത കാണിക്കുന്ന ഗാനരംഗത്തില്‍ നജീബിന്റെ മീശ സൈനു കടിച്ചെടുക്കുന്ന രംഗമുണ്ട്. സിനിമയിലെ പാട്ടുകളെപ്പറ്റി ചിന്തിക്കുന്നതിന് മുന്നേ ആ ഭാഗം തന്റെ മനസിലുണ്ടായിരുന്നെന്ന് പറയുകയാണ് ബ്ലെസി.

‘ആ സീന്‍ ആദ്യമേ എന്റെ മനസില്‍ ഉണ്ടായിരുന്നു. രണ്ട് പേരുടെയും പ്രണയത്തിന്റെ ആഴം കാണിക്കാന്‍ അധികം സമയമെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ചുരുങ്ങിയ സമയത്തില്‍ എനിക്ക് അത് പ്രേക്ഷകരെ കാണിക്കണം. അതിന് ഞാന്‍ മനസില്‍ കണ്ട രംഗമാണ് നജീബിന്റെ മീശ കടിച്ചെടുക്കുന്ന രംഗം. ആ സമയത്ത് പാട്ടുകളെക്കുറിച്ചുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ രാജുവിനോട് ആദ്യമേ ഇതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. നജീബ് എന്ന കഥപാത്രത്തിന് കട്ടിമീശ വേണമെന്ന്. എന്തിനാണെന്ന് പൃഥ്വി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, നജീബും സൈനുവും തമ്മിലുള്ള പ്രണയം കാണിക്കുനപോള്‍ സൈനു നജീബിന്റെ മീശ കടിച്ചെടുക്കുന്ന ഭാഗമുണ്ട്. അതിന് വേണ്ടിയാണെന്ന്.

പലരും എന്നോട് ചോദിക്കുന്ന കാര്യമാണ് ജീവിതത്തില്‍ റൊമാന്റിക് ആയതുകൊണ്ടാണോ എന്റെ സിനിമകളില്‍ റൊമാന്‍സിന് ഇത്ര പ്രാധാന്യമെന്ന്. സിനിമ എന്ന് പറയുന്നതു തന്നെ ഒരു സ്വപ്‌നമാണല്ലോ. എന്റെ സിനിമകളില്‍ എപ്പോഴും അച്ഛന്മാരോട് സ്‌നേഹക്കൂടുതല്‍ കാണിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതല്‍. എന്നാല്‍ എന്റെ ജീവിതത്തില്‍ എനിക്ക് അമ്മയോടാണ് കൂടുതല്‍ സ്‌നേഹം. അതുപോലെത്തന്നെ ബാക്കി കാര്യങ്ങളും,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the romantic song in Aadujeevitham