വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൃഥ്വിരാജ് എന്ന നടനില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. ബോക്സ് ഓഫീസ് റെക്കോഡുകള്‍ പലതും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം.
ചിത്രം കണ്ട പലരുടെയും കണ്ണ് നിറച്ച സീനുകളിലൊന്നായിരുന്നു നജീബിന് നാട്ടില്‍ നിന്ന് ഫോണ്‍ വരുന്ന സീന്‍. ആ സീനില്‍ ഫോണിന്റെ അപ്പുറത്തുള്ള സൈനുവിനെ കാണിക്കുമെന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ സീനില്‍ സൈനുവിന്റെ ശബ്ദം മാത്രമേ സംവിധായകന്‍ കേള്‍പ്പിച്ചുള്ളൂ. ഇത് മനഃപൂര്‍വം ചെയ്തതാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ബ്ലെസി.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്. ബ്രോ ഡാഡിയുടെ ഷൂട്ടിന്റെ സമയത്താണ് താന്‍ പൃഥ്വിയോട് ഈ ഷോട്ടിന്റെ കാര്യം സംസാരിച്ചതെന്ന് ബ്ലെസി പറഞ്ഞു. ഇപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ അതേ ഞെട്ടല്‍ തന്നെയായിരുന്നു അന്ന് ഈ കാര്യം കേട്ടവര്‍ക്ക് ഉണ്ടായതെന്ന് ബ്ലെസി പറഞ്ഞു.
‘ആ ഷോട്ട് മനഃപൂര്‍വമാണ് അങ്ങനെ എടുത്തത്. പൃഥ്വിയോട് ഞാന്‍ ഈ ഷോട്ടിന്റെ കാര്യം പറയുന്നത് അവസാനത്തെ ഷെഡ്യൂളിന് മുമ്പാണ്. പൃഥ്വി ആ സമയത്ത് ഹൈദരാബാദിലായിരുന്നു, ബ്രോ ഡാഡിയുടെ ഷൂട്ടിന്റെ സമയത്ത് ഞാന്‍ ആ സെറ്റില്‍ പോയിരുന്നു.
അന്നത്തെ ഷൂട്ട് കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഞാന്‍ പൃഥ്വിയോട്, ‘ആ സീനില്‍ നമ്മള്‍ സൈനുവിനെ കാണിക്കുന്നില്ല, പകരം ശബ്ദം മാത്രമേ കേള്‍പ്പിക്കുന്നുള്ളൂ’ എന്ന് പറഞ്ഞത്. ഇപ്പോള്‍ സിനിമ കണ്ട പ്രേക്ഷകര്‍ ഞെട്ടിയത് പോലെ അന്ന് ഇത് കേട്ടുകൊണ്ടിരുന്നവരും ഞെട്ടിയിരുന്നു,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy about the phone call scene in Aadujeevitham