| Saturday, 30th March 2024, 2:28 pm

ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട്; മറുപടിയുമായി ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതവുമായി ബന്ധപ്പെട്ട് വരുന്ന ചില വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ആടും നജീബുമായുള്ള കൂടുതല്‍ രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന നജീബിനെ കുറിച്ചുള്ള നോവലിലെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തതാണെന്ന് ബെന്യാമിന്‍ ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു.

നോവലിന്റെ ഭാഗമായി ചേര്‍ത്ത അത്തരം കാര്യങ്ങള്‍ താന്‍ സിനിമയില്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നാണ് ബ്ലെസി പറയുന്നത്. അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ലെന്നും തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുമെന്നും അത്തരം രംഗങ്ങള്‍ നജീബിന്റെ കാത്തിരിപ്പിന്റെ തീവ്രതയെ കുറയ്ക്കുമെന്നും ബ്ലെസി പറയുന്നു. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി. നജീബും ആടുമായുള്ള ലൈംഗിക ബന്ധം പറയുന്ന ഭാഗങ്ങള്‍ സിനിമയില്‍ വേണ്ട എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു ബ്ലെസിയുടെ മറുപടി.

‘ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ യാതൊരു ബാധ്യസ്ഥതയും ഇല്ലാത്ത ഒരാളാണ് ഞാന്‍. കാരണം ഇന്നതെല്ലാം ചെയ്യാം, ഇന്നതെല്ലാം കാണിച്ചോളാം എന്നൊരു എഗ്രിമെന്റ് ഞാനും ബെന്യാമിനും തമ്മിലില്ല.

സൈനു എന്ന തന്റെ നാട്ടില്‍ കാത്തിരിക്കുന്ന ഒരു പെണ്ണിനെ മനസില്‍ കൊണ്ടുനടക്കുന്ന മനുഷ്യനെ വൈകാരികമായിട്ടാണ് ഞാന്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്. അയാളുടെ മനസിലേക്ക് എത്തുന്ന പലതരം കാര്യങ്ങളുണ്ട്.

മാത്രമല്ല സിനിമ എന്ന് പറഞ്ഞാല്‍ ഒരു തുടര്‍ച്ചയുണ്ട്. ഞാന്‍ ഇന്ന് എന്തെങ്കിലും ഒരു കാര്യം ചെയ്തു എന്നുണ്ടെങ്കില്‍ ഇതിന്റെ ഹൃദയഭാരത്തിലായിരിക്കും അടുത്ത സീന്‍ വരേണ്ടത്. അതിന്റെ കണ്ടിന്യൂറ്റിയില്‍ ആയിരിക്കും സന്ധ്യക്ക് ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുക.

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വഹിച്ചുകൊണ്ടാണ് നമ്മള്‍ യാത്ര ചെയ്യുന്നത്, അത് സിനിമയുടെ ഇമോഷണല്‍ കണ്ടിന്യൂറ്റിയാണ്. സാഹിത്യത്തെ സംബന്ധിച്ച് ഒരു അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടുത്ത ചാപ്റ്ററില്‍ നമ്മള്‍ക്ക് തുടര്‍ച്ചയായി തോന്നണമെന്നില്ല.

ചിലപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞ കാര്യമായിരിക്കും അടുത്ത ഭാഗങ്ങളില്‍ പറയുക. ഇന്നലെ സംഭവിച്ചതിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ലാതെ പോകാന്‍ പറ്റും. ഇതൊക്കെയാണ് സ്റ്റഡി ചെയ്യേണ്ടത്. ഇതൊക്കെ വളരെ ചെറിയ ചോദ്യങ്ങളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു.

നജീബ് വഹിക്കുന്ന ആ മാനസികാവസ്ഥയ്ക്ക് തുടര്‍ച്ചയുണ്ടോ? ആടുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിന് ശേഷമുള്ള തുടര്‍ച്ച എന്താണ്? ആ തുടര്‍ച്ച ഉണ്ടെങ്കില്‍ അതില്‍ നിന്ന് വളരെ വളരെ വ്യത്യസ്തമായ സീനുകളിലേക്ക് പോകേണ്ടി വരും.

അത്തരത്തിലുള്ള തുടര്‍ച്ച എനിക്ക് ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പിന്നീടുണ്ടാകുന്ന കാത്തിരിപ്പിനൊന്നും ഒരു ധാരണയില്ലാത്ത അവസ്ഥയായി മാറും. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

ഇതിനെ ഞാന്‍ വളരെയേറെ സൈക്കോളജിക്കലി പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇത്. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം എനിക്ക് പറയേണ്ടതിന്റെ ബാധ്യതയില്ല,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the controversial part of aadujeevitham novel

We use cookies to give you the best possible experience. Learn more