Entertainment
ഭ്രമരത്തിന്റെ ക്ലൈമാക്‌സ് പോലെ ഒന്ന് ലോകസിനിമയില്‍ വേറെ ഉണ്ടായിട്ടില്ലെന്ന് അയാള്‍ എന്നോട് പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 02, 03:20 am
Friday, 2nd August 2024, 8:50 am

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമരം. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭ്രമരത്തിലെ ശിവന്‍കുട്ടി എന്ന കഥാപാത്രം തന്നെ വിട്ട് പോയിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സ്‌ക്രീസോഫീനിയ ബാധിച്ച ശിവന്‍കുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്.

ഭ്രമരത്തിന്റെ ക്ലൈമാക്‌സ് പോലെ ഒന്ന് ലോകസിനിമയില്‍ പോലും വേറെ ഉണ്ടായിട്ടില്ലെന്ന് എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ബ്ലെസി പറഞ്ഞു. രണ്ട് പേരെ കൊല്ലാന്‍ വേണ്ടി കൊണ്ടുവന്ന ശേഷം ഒരു പട്ടിക്കുട്ടിയുടെ കരച്ചില്‍ കേട്ടയുടനെ മനസ് മാറി അവരെ ജീവിക്കാന്‍ വിടുന്ന ശിവന്‍കുട്ടി എന്ന കഥാപാത്രം പലരുടെയും മനസില്‍ വിങ്ങലാണെന്നും ബ്ലെസി പറഞ്ഞു.

ഹീറോയിസം കാണിക്കാന്‍ രണ്ടുപേരെയും കൊന്നിരുന്നെങ്കില്‍ സിനിമ 50 ദിവസം കൂടുതല്‍ ഓടിയേനെയെന്നും പക്ഷേ ശിവന്‍കുട്ടി എന്ന കഥാപാത്രം തന്റെ കൂടെ ഇത്രയും കാലും ഉണ്ടാവില്ലായിരുന്നെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ഇന്നും ശിവന്‍കുട്ടിയെ എല്ലാവരും ഓര്‍ക്കാന്‍ കാരണം ആ ക്ലൈമാക്‌സാണെന്നും ബ്ലെസി പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭ്രമരത്തിന്റെ ക്ലൈമാക്‌സ് പോലെയൊരെണ്ണം മലയാളസിനിമയിലെന്നല്ല, ലോകസിനിമയില്‍ വേറെ ഉണ്ടാകില്ല എന്നാണ് എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പറഞ്ഞത്. കാരണം, രണ്ടുപേരെ കൊല്ലാന്‍ വേണ്ടി കൊണ്ടുവന്ന ശേഷം ഒരു പട്ടിക്കുട്ടിയുടെ ശബ്ദം കേട്ടപ്പോള്‍ മനസ് മാറി, തനിക്ക് നഷ്ടപ്പട്ട സ്‌നേഹത്തിന്റെ ഒരു നനവ് അറിയുമ്പോള്‍ ക്ഷമിക്കാന്‍ തയാറാവുന്നത് വേറെ എവിടെയും കാണാന്‍ പറ്റില്ല.

വേണമെങ്കില്‍ ഹീറോയിസം കാണിക്കാന്‍ വേണ്ടി അവരെ കൊല്ലാമായിരുന്നു. അങ്ങനെ ചെയ്താല്‍ 50 ദിവസം കൂടി ഒാടിയേനെ. പക്ഷേ അങ്ങനെ ചെയ്തിട്ട് സിനിമ ഓടണ്ട എന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശിവന്‍കുട്ടി എന്ന കഥാപാത്രം എന്റെ കൂടെ ഇപ്പോഴും ഉണ്ടാവില്ലായിരുന്നു. ചെയ്യാത്തതുകൊണ്ട് ആ കഥാപാത്രം ഇന്നും എന്നെ അലട്ടുന്നത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the climax of Bhramaram movie