| Friday, 6th September 2024, 11:21 am

നീ എന്താ എന്നോട് ഇപ്പോള്‍ പഴയതുപോലെ അടുപ്പം കാണിക്കാത്തതെന്ന് അന്ന് മുരളി ചേട്ടന്‍ എന്നോട് ചോദിച്ചു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബ്ലെസി. പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളില്‍ സംവിധാനസഹായിയായാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ റിലീസായ കാഴ്ചയിലൂടെ സ്വതന്ത്രസംവിധായകനായി മാറി. 20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമേ ബ്ലെസി ചെയ്തിട്ടുള്ളൂ. മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ബ്ലെസി നേടി.

പദ്മരാജന്റെയും ജയരാജന്റെയും ഒപ്പം നിരവധി സിനിമകളില്‍ ബ്ലെസി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത് 1998ല്‍ റിലീസായ താലോലത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായ അനുഭവം പങ്കുവെക്കുകയാണ് ബ്ലെസി. ഒരുപാട് കാലത്തിന് ശേഷം ആ സിനിമയിലാണ് മുരളിയുമായി വര്‍ക്ക് ചെയ്തതെന്നും സിനിമയിലെത്തിയ സമയത്ത് തന്നെ കൈപിടിച്ചുയര്‍ത്തിയത് മുരളിയായിരുന്നെന്നും ബ്ലെസി പറഞ്ഞു.

ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് നടന്‍ എം.ജി. സോമന്‍ മരിച്ച വിവരം അറിഞ്ഞതെന്നും താനും മുരളിയും കൂടിയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ആ യാത്രയില്‍ വെച്ച് പഴയതുപോലെ താന്‍ അടുപ്പം കാണിക്കുന്നില്ലെന്ന് മുരളി തന്നോട് ചോദിച്ചുവെന്നും ബ്ലെസി പറഞ്ഞു. അദ്ദേഹത്തിന്റെ വളര്‍ച്ചയോടൊപ്പം എത്താന്‍ തനിക്ക് പറ്റാത്തതുകൊണ്ടാണ് അടുപ്പം കാണിക്കാത്തതെന്ന് താന്‍ മുരളിയോട് പറഞ്ഞെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയരാജ് സംവിധാനം ചെയ്ത താലോലം എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടി. കുറച്ചുകാലത്തിന് ശേഷമാണ് ഞാന്‍ ജയരാജിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. ആ സിനിമയില്‍ മുരളിച്ചേട്ടനും പ്രധാനവേഷത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ പദ്മരാജന്‍ സാറിന്റെ അസിസ്റ്റന്റായ സമയത്താണ് മുരളിച്ചേട്ടനെ പരിചയപ്പെടുന്നത്. ആ സമയത്ത് അദ്ദേഹം അത്ര വലിയ നടനല്ല. പിന്നീട് വളരെപ്പെട്ടെന്ന് അദ്ദേഹം വളര്‍ന്നു. മുരളിച്ചേട്ടനെയും ഒരുപാട് കാലത്തിന് ശേഷമാണ് ഞാന്‍ കാണുന്നത്.

എം.ജി. സോമന്‍ മരിച്ചതറിഞ്ഞ് ഞാനും മുരളിച്ചേട്ടനും ഒരുമിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത്. യാത്രക്കിടയില്‍ മുരളി ചേട്ടന്‍ എന്നോട് ‘നീ എന്താ ഇപ്പോള്‍ എന്നോട് പഴയതുപോലെ അടുപ്പം കാണിക്കാത്തത്’ എന്ന് ചോദിച്ചു. അതിന് ഞാന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്‍ ഇപ്പോള്‍ വലിയ തിരക്കുള്ള നടനാണ്, വലിയ ജീവിതവും സുഹൃദ്‌വലയവുമൊക്കെയാണ്. അതിലേക്ക് ഞാന്‍ വന്നാല്‍ ശരിയാവില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അദ്ദഹവുമായി ആ യാത്രയില്‍ ഞങ്ങള്‍ വീണ്ടും സൗഹൃദത്തിലായി,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the bond between actor Murali

We use cookies to give you the best possible experience. Learn more