ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ബ്ലെസിയാണ്. ആറ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.
പൃഥ്വിരാജാണ് നോവലിലെ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്. സിനിമക്ക് വേണ്ടി പൃഥ്വിരാജ് 30 കിലോയോളം ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും പൃഥ്വിയെപ്പോലെ ഭാരം കുറച്ചിരുന്നു.
മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തിയ ആടുജീവിതത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞത്. കഥാപാത്രത്തിന് വേണ്ടി ശരീരവും മനസും സമര്‍പ്പിച്ച പ്രകടനമായിരുന്നു സിനിമയിലുടനീളം പൃഥ്വി കാഴ്ചവെച്ചത്.
ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചും ലൊക്കേഷനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി. ഐ.എസ്.ഐ.എസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടാണ് അള്‍ജീരിയയിലേക്ക് പോയതെന്നും അവര്‍ തട്ടിക്കൊണ്ടുപോയാല്‍ പോകട്ടെ എന്ന മനോഭാവമാണ് തനിക്കുണ്ടായിരുന്നത് എന്നും പറയുകയാണ് അദ്ദേഹം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അള്‍ജീരിയയില്‍ ആ സമയത്ത് ഒരുപാട് ഐ.എസ്സിന്റെയൊക്കെ ഭീകരപ്രവര്‍ത്തനങ്ങളും കാര്യങ്ങളും ഉണ്ടെന്നും ആളുകളെ തട്ടിക്കൊണ്ടുപോകും എന്നൊക്കെയുള്ള ഒരുപാട് വാര്‍ത്തകള്‍ കേട്ടിട്ടാണ് ഞങ്ങള്‍ പോകുന്നത്. നമ്മുടെ മനസില്‍ അതൊന്നും ആയിരുന്നില്ല. തട്ടിക്കൊണ്ടുപോയാല്‍ തട്ടിക്കൊണ്ടുപോകട്ടെ എന്ന രീതിയിലല്ലേ നമ്മള്‍ അതിനെ കാണുന്നത്.
ഈ സ്ഥലത്തേക്കാണ് പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ അത് ഭയങ്കര പ്രശ്‌നമുള്ള സ്ഥലമാണെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞിരുന്നു. ഒരു ഫോറിന്‍ ലേഡിയെ കൊണ്ടുപോയി, രണ്ട് ദിവസം കഴിഞ്ഞ് അവരുടെ ഡെഡ് ബോഡിയാണ് കിട്ടുന്നത്. പൈസക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടുപോകുന്നത് എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുള്ള ആളുകളും ഉണ്ട്.
ഈ യാത്രയെന്നാല്‍ ചെറിയ യാത്രയൊന്നുമല്ല, ഇനി കാണാന്‍ മരുഭൂമിയുടെ അമേരിക്കന്‍ സൈഡ് മാത്രമേ ബാക്കിയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഘട്ടത്തില്‍ ചൈനയിലെ മരുഭൂമിയും നോക്കണമെന്ന് ആലോചിച്ചിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്. 150 കോടിയിലധികം രൂപയാണ് ഗ്ലോബല്‍ ബോക്സ് ഓഫീസില്‍ നിന്ന് ആടുജീവിതം നേടിയത്. പൃഥിയുടെ കരിയറിലെ ആദ്യ സോളോ 100 കോടിയാണ് ഇത്.
ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ കെ.എസ് ഛായാഗ്രഹണവും, ശ്രീകര് പ്രസാദ് എഡിറ്റിങും കൈകാര്യം ചെയ്തു. പൃഥ്വിയെക്കൂടതെ അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ്, ഗോകുല്‍ കെ.ആര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
Content highlight: Blessy about shooting experience of Aadujeevitham