അഞ്ചാംക്ലാസു വരെ പഠിച്ച ഒരാള്‍ക്ക് ഇത്തരത്തിലുള്ള റൊമാന്റിക് സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകുമോ; മറുപടിയുമായി ബ്ലെസി
Movie Day
അഞ്ചാംക്ലാസു വരെ പഠിച്ച ഒരാള്‍ക്ക് ഇത്തരത്തിലുള്ള റൊമാന്റിക് സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകുമോ; മറുപടിയുമായി ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 12:53 pm

ആടുജീവിതം എന്ന ബെന്യാമിന്റെ നോവലില്‍ നിന്നും വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്റാണ് ആടുജീവിതം എന്ന സിനിമയ്ക്ക് ബ്ലെസി നല്‍കിയത്. നോവലിലുള്ള പല ഭാഗങ്ങളും അതേപോലെ ചിത്രീകരിക്കാതെ തന്റേതായ രീതിയില്‍ മാറ്റിയെഴുതിയാണ് ബ്ലെസി തിരക്കഥ ഒരുക്കിയത്.

അതുകൊണ്ട് തന്നെ നോവലില്‍ ഉള്ള പല ഭാഗങ്ങളും സിനിമയില്‍ വന്നിട്ടില്ല. നോവലില്ലാത്ത ചില കാര്യങ്ങള്‍ ബ്ലെസി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് സൈനുവും നജീബും തമ്മിലുള്ള അടുപ്പവും സ്‌നേഹവും കാണിക്കുന്ന രംഗങ്ങള്‍.

മനോഹരമായ ഒരു പാട്ടിലൂടെയാണ് ബ്ലെസി ഇരുവരുടേയും റൊമാന്‍സ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നജീബും സൈനുവും തമ്മിലുള്ള റൊമാന്‍സിനെ കുറിച്ചും അഞ്ചാം ക്ലാസു വരെ പഠിച്ച ഒരാള്‍ക്ക് ഇത്തരത്തിലുള്ള റൊമാന്റിക് സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകുമോ എന്നുമുള്ള ചോദ്യങ്ങള്‍ക്കും മറുപടി പറയുകയാണ് ബ്ലെസി.

ആടുകളോടൊപ്പം ശയിക്കാന്‍ കഴിയുന്ന ഒരാളല്ല ബ്ലെസിയുടെ മനസിലുള്ള നജീബ് എന്ന് പറഞ്ഞല്ലോ? കുടുംബബന്ധങ്ങള്‍ നൂറ് ശതമാനം മനസില്‍ സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഈ അഞ്ചാം ക്ലാസുകാരന്റെ റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ താങ്കള്‍ ചിത്രീകരിച്ചിരിക്കുന്നത് ഒരു മണിരത്‌നം സിനിമയിലേതെന്നപോലെ വളരെ സോഫിസ്റ്റിക്കേറ്റഡ് ആയ നായകന്റെ സങ്കല്‍പ്പം പോലെയാണ്. അതെന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം.

അഞ്ചാം ക്ലാസുവരെ പഠിച്ച നജീബിന്റെ റൊമാന്റിക് സങ്കല്‍പ്പമാണെന്ന് പറഞ്ഞ് അതിനെ ഒതുക്കരുതെന്നും അവിടെ സൈനുവിനെ കാണാതെ പോകരുതെന്നുമാണ് ബ്ലെസി പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.

‘2009 ലാണ് ഞാന്‍ പൃഥ്വിരാജിന്റെ അടുത്ത് ഇതിന്റെ കഥ പറയാന്‍ വേണ്ടി ആദ്യമായി പോകുന്നത്. നായകനായ നജീബിന്റെ നാട്ടിന്‍പുറം മൊത്തം ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ്. അവിടെ നനവുണ്ടാകും, ആര്‍ദ്രതയുണ്ടാകും, പ്രണയമുണ്ടാകും, മഴയുണ്ടാകും.

അതുകൊണ്ട് തന്നെ റെയില്‍വേ സ്റ്റേഷനില്‍ നജീബിനെ യാത്രയാക്കുന്ന സമയത്തൊക്കെ മഴയും നനവും പച്ചപ്പുമൊക്കെയുണ്ട്. ആ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പിന്നെ സൈനുവും നജീബുമായുള്ള പ്രണയം, ഇയാള്‍ക്ക് നല്ല മീശയുണ്ടാകണം. കാരണം ഈ പെണ്ണ് (സൈനു) വെള്ളത്തില്‍ വെച്ചിട്ട് നജീബിനെ ചുംബിക്കുമ്പോള്‍ നജീബിന്റെ മീശ കടിച്ചുപറിക്കുകയും പിന്നീട് അത് നാക്കില്‍ കാണിക്കുകയും ചെയ്യുന്നുണ്ട്.

ഓര്‍ക്കണം അന്ന് ഈ പാട്ടുണ്ടായിട്ടില്ല, എ.ആര്‍ റഹ്‌മാന്‍ ഇതിലേക്ക് വന്നിട്ടില്ല, റഫീഖ് അഹമ്മദിന്റെ വരികള്‍ ഇല്ല. ആദ്യമായിട്ട് എന്റെ മനസിലുള്ള കഥ ഞാന്‍ പൃഥ്വിരാജിനെ കേള്‍പ്പിക്കുകയാണ്. ഞാന്‍ ഇങ്ങനെയാണ് നജീബും സൈനുവും തമ്മിലുള്ള ബന്ധത്തെ പറയുന്നത്.

ഇത് സൈനു ചെയ്യുന്ന കാര്യമാണ്. സൈനു എത്രാം ക്ലാസ് വരെ പഠിച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നമ്മള്‍ക്കാര്‍ക്കും അറിയില്ല. ഈ പറഞ്ഞ പ്രണയം സൈനുവിന്റെ സങ്കല്‍പ്പമായിക്കൂടേ. ശരിക്കും പറഞ്ഞാല്‍ അവര്‍ ആ വള്ളത്തില്‍ കിടക്കുന്ന രംഗത്തില്‍ സൈനു പറയുന്ന ചില കാര്യങ്ങളുണ്ട്.

അപ്പുറത്ത് ഉമ്മയുണ്ട്, വള്ളത്തിലേക്ക് പോകാമെന്ന് നജീബിനോട് പറയുന്നത് ചിലപ്പോള്‍ സൈനുവായിരിക്കും. ചോര്‍ന്നൊലിക്കാത്ത വീട് വേണമെന്നും ഒരു കുഞ്ഞ് കൂടിയായിക്കഴിഞ്ഞാല്‍ എപ്പോഴും ഇങ്ങനെ വന്നിരിക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിക്കുന്നത് സൈനുവാണ്. അതുകൊണ്ട് തന്നെ ഇതിന്റെ കുറച്ച് ക്രെഡിറ്റ് സൈനുവിന് കൂടി കൊടുക്കാമെന്നാണ് എന്റെ പക്ഷം,’ ബ്ലെസി പറഞ്ഞു.

ഇനിയൊരു സിനിമ ചെയ്യാന്‍ പേടി തോന്നുന്നുണ്ടോ എന്നചോദ്യത്തിന് ഇല്ല എന്നായിരുന്നു ബ്ലെസിയുടെ മറുപടി. വലിയ സിനിമകളോടുള്ള പേടി ആടുജീവിതം ചെയ്തതോടെ പോയെന്നും കൃത്യമായി കുറേ പഠനങ്ങള്‍ നടന്നു കഴിഞ്ഞെന്നുമായിരുന്നു ബ്ലെസി പറഞ്ഞത്.

ഈ സിനിമയ്ക്ക് എന്തുകൊണ്ട് പല വീഴ്ചകള്‍ പറ്റി എന്നും അതൊക്കെ എങ്ങനെ എക്‌സിക്യൂട്ട് ചെയ്ണമെന്നുമൊക്കെ ഈ കാലയളവിനുള്ളില്‍ പഠിച്ചു. അതുകൊണ്ട് ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ കുറച്ചുകൂടി വൃത്തിയായി ചെയ്യാന്‍ പറ്റുമായിരിക്കും,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about Sainu and Najeeb Romance