കെ.ജി.എഫ് വരെ റമദാന് റിലീസ് ചെയ്തല്ലോയെന്ന് പൃഥ്വി പറഞ്ഞു, ആ ധൈര്യത്തിന്റെ പുറത്താണ് തീരുമാനമെടുത്തത്: ബ്ലെസി
Entertainment news
കെ.ജി.എഫ് വരെ റമദാന് റിലീസ് ചെയ്തല്ലോയെന്ന് പൃഥ്വി പറഞ്ഞു, ആ ധൈര്യത്തിന്റെ പുറത്താണ് തീരുമാനമെടുത്തത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 3:45 pm

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ആടുജീവിതം തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം മാർച്ച് 28നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഈ ദിവസം ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ പെസഹാ വ്യാഴവും മുസ്‌ലിം വിശ്വാസികളുടെ നോമ്പ് കാലം കൂടിയാണ്.

ഈ ഒരു സാഹചര്യത്തിൽ ആടുജീവിതം ഇറക്കാൻ എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യത്തിന് അതിന്റെ ക്രെഡിറ്റ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജിനുമാണെന്നായിരുന്നു ബ്ലെസിയുടെ മറുപടി. ലിസ്റ്റിന്റെയും പൃഥ്വിരാജിന്റെയും കെ.ജി.എഫ് കേരളത്തിൽ വിതരണം ചെയ്തിരുന്നത് ഇങ്ങനെ ഒരു സമയത്ത് ആയിരുന്നെന്നെന്ന് പറഞ്ഞ് തനിക്ക് ധൈര്യം തന്നെന്നും ബ്ലെസി കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് എനിക്ക് തോന്നുന്നത് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജിനും ആണ്. അവരാണ് ഇത്തരം ഒരു സജഷൻ പറയുകയും പ്രാവർത്തികമാക്കുകയും ചെയ്തത്. ഈയൊരു കാര്യത്തെക്കുറിച്ച് അവരുടെ കെ.ജി.എഫ് പോലെയുള്ള സിനിമകൾ അവർ ആ സമയത്ത് റിലീസ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ള ഒരുപാട് ധൈര്യം എനിക്ക് തരുമായിരുന്നു.

സെക്കൻഡ് ഡേ എന്ന് പറഞ്ഞാൽ ഗുഡ് ഫ്രൈഡേ ആണ്, പല തീയേറ്ററുകളും ഉണ്ടാവില്ല. ഫസ്റ്റ് തന്നെ പെസഹായും കാര്യങ്ങളൊക്കെയാണ്. ഞാൻ പോലും അന്ന് പള്ളിയിൽ ആയിരുന്നു, അതൊക്കെ ബാധിക്കുമോ എന്നൊരു ഭയമെനിക്കുണ്ടായിരുന്നു. ലിസ്റ്റിന്റെയും പൃഥ്വിയുടെയും കോൺഫിഡൻസിലേക്ക് ഞാൻ മാറുകയായിരുന്നു,’ ബ്ലെസി പറഞ്ഞു.

ആടുജീവിതം നോവൽ തനിക്ക് പരിചയപ്പെടുത്തിയത് രവി വർമ തമ്പുരാൻ എന്ന എഴുത്തുകാരനാണെന്നും ബ്ലെസി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഇത് സിനിമക്ക് പറ്റിയ നോവൽ ആണെന്ന് കരുതി തന്നെയാണ് വായിച്ചത്. ഈ നോവലിനെ എനിക്ക് പരിചയപ്പെടുത്തിയത് രവി വർമ തമ്പുരാൻ എന്ന് പറഞ്ഞിട്ടുള്ള ഒരു എഴുത്തുകാരനാണ്. അദ്ദേഹമാണ് പറഞ്ഞത് ഒരുപാട് ദൃശ്യ സാധ്യതയുള്ള ഒരു നോവലാണ് ഇതെന്ന്.

ഈയടുത്തകാലത്ത് സിനിമയിൽ സാഹിത്യം വരുന്നില്ല എന്ന ചർച്ചയിലാണ് എനിക്ക് ഈ പുസ്തകം അയച്ചു തരുന്നത്. ആദ്യ വായനയിൽ തന്നെ ലെൻസിലൂടെയുള്ള ഒരു വായനയാണ് വായിച്ചെന്ന് പറയാം. വായിച്ച് കഴിഞ്ഞപ്പോൾ വിശാലമായ സാധ്യതയുള്ള ഒരു ഭൂമികയും ലൈഫും ഒക്കെ അറിയാതെ മനസിലേക്ക് വന്നു,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about prithviraj and blesy’s courage