പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന സിനിമ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതെ പോയതിന്റെ വലിയൊരു ആഘാതം അദ്ദേഹത്തിന്റെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്ന് സംവിധായകൻ ബ്ലെസി. കാരണം പത്മരാജൻ ഒരുപാട് പ്രതീക്ഷയോട് കൂടെ ചെയ്ത ഒരു സിനിമയാണതെന്നും അത് അദ്ദേഹത്തിന് ഉണ്ടാക്കിയ ആഘാതം താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും ബ്ലെസി കൂട്ടിച്ചേർത്തു. റെഡ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഞാൻ ഗന്ധർവ്വൻ എന്ന സിനിമ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതെ പോയതിന്റെ വലിയൊരു ആഘാതം പത്മരാജൻ സാറിന്റെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹം ഒരുപാട് പ്രതീക്ഷയുടെ കൂടെ ചെയ്ത ഒരു സിനിമയാണ്. അത് അദ്ദേഹത്തിന് ഉണ്ടാക്കിയ ആഘാതം താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
എല്ലാ ഫിലിം ഏക്കറിനും ആത്മാർത്ഥമായി അടുത്ത സിനിമ ഇതാണ് എന്ന് വിശ്വസിച്ചത് തകരുമ്പോൾ താങ്ങാവാൻ കഴിയില്ല. ഈ സിനിമ ഇത്രത്തോളം സ്വീകാര്യത ഉണ്ടായിരുന്നില്ലെങ്കിൽ എനിക്ക് താങ്ങാൻ കഴിയുകയായിരുന്നോ എന്നാണ് എന്റെ ഇപ്പോഴത്തെ ചിന്ത,’ ബ്ലെസി പറഞ്ഞു.
കൽക്കട്ട ന്യൂസ് ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യത്തിൽ നിന്ന് ഉൾക്കൊണ്ടിട്ടാണ് ചെയ്തതെന്നും ബ്ലെസി അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ സിനിമകളുടെ കൂട്ടത്തിൽ ആളുകൾ ഇഷ്ടപെടുന്ന ഒരു പടമാണ് കൽക്കട്ട ന്യൂസെന്ന് ബ്ലെസി പറഞ്ഞു ‘കൽക്കട്ട ന്യൂസ് എന്റെ നല്ല സിനിമകളുടെ കൂട്ടത്തിൽ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരെ എനിക്കറിയാം.
ബ്രിട്ടാനിയ ബിസ്കറ്റിന്റെ ഒരു പരസ്യത്തിൽ നിന്നാണ് ആ സിനിമ ഉണ്ടാകുന്നത്. കൽക്കട്ടയിൽ ഒരു ചാറ്റൽ മഴയുള്ള സമയത്ത് മധ്യ വയസ്കരായ ഒരു മെയിലും ഫീമെയിലും ചായ കുടിക്കുകയും അതിന്റെ പിറകിൽ ദാസേട്ടന്റെ ചിറ്റ്ചോറിലെ പാട്ടൊക്കെ കേൾക്കുന്ന ഒരു ഫ്രെയിം ഉണ്ട്. ആ ഫ്രെയിം കണ്ടപ്പോഴാണ് എനിക്ക് കൽക്കട്ടയിൽ വെച്ച് ഒരു സിനിമ എടുക്കണം എന്ന് തോന്നിയത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy about pathamarajan’s death reason