ഇത്ര വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളുടെ കഥാപാത്രം എന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു: ബ്ലെസി
Entertainment
ഇത്ര വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളുടെ കഥാപാത്രം എന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2024, 12:36 pm

വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചയാളാണ് ബ്ലെസി. പദ്മരാജന്റെ അസിസ്റ്റന്റായി തൂവാനത്തുമ്പികളിലൂടെയാണ് ബ്ലെസി സിനിമാ മേഖലയിലേക്കെത്തിയത്. മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 20 വര്‍ഷത്തെ കരിയറില്‍ വെറും ഏഴ് സിനിമകള്‍ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്തത്.

മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ ബ്ലെസിക്ക് സാധിച്ചു. 16 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററുകളിലെത്തിച്ച ആടുജീവിതം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമരം. തിയേറ്ററില്‍ വേണ്ടത്ര വിജയമായില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ ഗംഭീര പ്രകടനം ഭ്രമരത്തിലൂടെ കാണാന്‍ സാധിച്ചു. സ്‌കീസോഫ്രീനിയ ബാധിച്ച ശിവന്‍കുട്ടിയായി മോഹന്‍ലാല്‍ പകര്‍ന്നാടുകയായിരുന്നു. ഞൊടിയിടകള്‍ കൊണ്ട് ഭാവങ്ങള്‍ മാറ്റി മാറ്റി അത്ഭുതപ്പെടുത്തുന്ന പെര്‍ഫോമന്‍സാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്.

ഭ്രമരം റിലീസായിട്ട് 15 വര്‍ഷമായെന്ന് മുരളി ഗോപി പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്ന് ബ്ലെസി പറഞ്ഞു. മുരളി അക്കാര്യം തന്നോട് പറഞ്ഞതിന് ശേഷം 15 വര്‍ഷം കഴിഞ്ഞിട്ടും ശിവന്‍കുട്ടി പലപ്പോഴും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നുവന്ന് തന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് പറഞ്ഞ് താന്‍ മോഹന്‍ലാലിന് വോയിസ് മെസേജ് അയച്ചുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘ഭ്രമരം റിലീസായിട്ട് 15 വര്‍ഷമായെന്ന് മുരളി ഗോപി വിളിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇത്രയും വര്‍ഷമായെന്ന് ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. മുരളി അക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാലിന് ഒരു വോയിസ് മെസേജ് അയച്ചു. ‘ഭ്രമരം റിലീസായിട്ട് 15 വര്‍ഷമായി. ഇത്രയും കാലത്തിനിടക്ക് പലപ്പോഴും ശിവന്‍കുട്ടി എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. അത്രയും ആഴത്തില്‍ ഉള്ളില്‍ പതിഞ്ഞ സിനിമയാണ് ഭ്രമരം. ശിവന്‍കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് പലപ്പോഴും ഇരുന്ന് ചിന്തിക്കുമായിരുന്നു,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about Mohanlal and Bhramaram movie