പദ്മരാജന്റെ സംവിധാനസഹായിയായി സിനിമാലോകത്തേക്കെത്തിയ ആളാണ് ബ്ലെസി. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലൂടെയാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് ലോഹിതദാസിന്റെ അസിസ്റ്റന്റായി നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്തു. ജോക്കര്‍, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ഭീതക്കണ്ണാടി തുടങ്ങിയ സിനിമകളില്‍ ബ്ലെസി പ്രവര്‍ത്തിച്ചു.
സൂത്രധാരന്‍ എന്ന സിനിമക്കായി മീര ജാസ്മിനെ കണ്ടെത്തിയ അനുഭവം പങ്കുവെക്കുകയാണ് ബ്ലെസി. പുതിയ സിനിമയിലേക്ക് വൈബ്രന്റായിട്ടുള്ള എനര്‍ജറ്റിക്കായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ലോഹിതദാസ് തന്നോട് പറഞ്ഞെന്നും അത്തരത്തില്‍ ഒരാളെ എവിടുന്ന് കിട്ടുമെന്ന് ആലോചിച്ചെന്നും ബ്ലെസി പറഞ്ഞു. തന്റെ നാട്ടിലെ ഒരു ക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ ചെന്നപ്പോഴാണ് ആദ്യമായി മീരയെ കണ്ടതെന്നും ലോഹി പറഞ്ഞ കാര്യങ്ങളെല്ലാം ചേര്‍ന്ന ആളായി മീരയെ തോന്നിയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
പിന്നീട് താന്‍ ചെയ്ത ഒരു പരസ്യത്തില്‍ മീരയെ ഒരു പാസിങ് ഷോട്ടില്‍ ഉള്‍പ്പെടുത്തിയെന്നും പിന്നീട് കെ.ടി.ഡി.സിക്ക് വേണ്ടി ഒരുക്കിയ പരസ്യത്തില്‍ മീരയെ മെയിന്‍ റോളില്‍ കൊണ്ടുവന്നെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ലോഹിതദാസിനും മീര ഓക്കെയായെന്നും എന്നാല്‍ മീരയുടെ അച്ഛന് സിനിമയിലേക്ക് പോകാന്‍ ഇഷ്ടമല്ലായിരുന്നെന്നും ബ്ലെസി പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ സിനിമയുടെ കഥ ലോഹിയേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ അതിലെ നായിക പുതുമഖമായിരിക്കണമെന്ന പറഞ്ഞു. വൈബ്രന്റായ, എനര്‍ജറ്റിക്കായ ഒരു പെണ്‍കുട്ടിയെയാണ് വേണ്ടതെന്ന് ലോഹിയേട്ടന്‍ പറഞ്ഞു. അങ്ങനെ ഒരാളെ എവിടുന്ന് കിട്ടുമെന്ന് ആലോചിച്ചു. ആ സമയത്ത് എന്റെ നാട്ടിലെ ക്ലിനിക്കില്‍ ഭാര്യയുമായി പോയപ്പോളാണ് മീരയെ ആദ്യമായി കാണുന്നത്. ലോഹിയേട്ടന്‍ പറഞ്ഞതുപോലെയുള്ള പെണ്‍കുട്ടിയായിരുന്നു മീര. അഭിനയിക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടി ഒരു കാര്യം ചെയ്തു.
ആ സമയത്ത് ഞാന്‍ ചെയ്ത ഒരു പരസ്യചിത്രത്തില്‍ ഒരു പാസിങ് ഷോട്ടില്‍ മീരയെ ഉള്‍പ്പെടുത്തി. പിന്നീട് ഞാന്‍ കെ.ടി.ഡി.സിക്ക് വേണ്ടി ചെയ്ത പരസ്യത്തില്‍ ലീഡ് റോളിലേക്ക് മീരയെ കൊണ്ടുവന്നു. ഇത് ലോഹിയേട്ടന് കാണിച്ചുകൊടുത്തപ്പോള്‍ പുള്ളിക്കും ഓക്കെയായി. എന്നാല്‍ മീരയെ അഭിനയിക്കാന്‍ വിടാന്‍ അച്ഛന് സമ്മതമില്ലായിരുന്നു. അച്ഛനറിയാതെയാണ് മീര ആദ്യകാലത്ത് അഭിനയിക്കാന്‍ വന്നത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy about Meera Jasmine and her first movie