| Tuesday, 9th April 2024, 8:06 am

കാഴ്ച മുതലേ മമ്മൂക്ക എന്റെ അടുത്ത് അത് പറയാറുണ്ട്; ഒരു ഷോട്ട് കഴിയുമ്പോൾ ഞാനത് മറക്കുന്നതാണ്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എടുത്തുപറയുന്ന സംവിധായകരിൽ ഒരാളാണ് ബ്ലെസി. വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറാൻ ബ്ലെസിക്കായി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

ബ്ലെസി എന്ന സംവിധായകനിൽ നിന്ന് അഭിനയിച്ചത് നന്നായി എന്ന് കേൾക്കാൻ ബുദ്ധിമുട്ട് ആണെന്ന് അമല പോൾ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അമല അത് പറഞ്ഞെങ്കിലും ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ ഏതെങ്കിലും സീൻ ഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബ്ലെസി.

അമല പോൾ പറഞ്ഞത് ശരിയാണെന്നും കാഴ്ച സിനിമ മുതൽ ഇത്ര കാര്യമായിട്ട് ചെയ്യുമ്പോൾ ഒന്ന് പ്രതികരിക്കു, കൊള്ളാമെന്ന് പറയൂ എന്നൊക്കെ മമ്മൂട്ടി തന്നോട് പറയാറുണ്ടെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ആടുജീവിതത്തിൽ ഏതോ ഒരു സീൻ കഴിഞ്ഞപ്പോൾ ഗംഭീരമായെന്ന് പൃഥ്വിരാജിനോട് താൻ പറഞ്ഞിരുന്നെന്നും ബ്ലെസി റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘അമല പോൾ പറഞ്ഞത് ശരിയാണ്. മമ്മൂക്ക എന്റെ അടുത്ത് കാഴ്ച സിനിമ തൊട്ടേ പറയാറുണ്ട്. നമ്മൾ ഇത്ര കാര്യമായിട്ട് ചെയ്യുമ്പോൾ നീ ഒന്ന് പ്രതികരിക്കു, കൊള്ളാമെന്ന് പറയൂ എന്നൊക്കെ പറയാറുണ്ട്. പലപ്പോഴും നമ്മൾ അത് വിട്ടു പോകുന്നതാണ്. ഒരു ഷോട്ടിൽ നിന്നും അടുത്ത ഷോട്ടിലേക്ക് നമ്മൾ മാറും.

ഇതിൽ ഞാൻ എവിടെയാണെന്ന് എനിക്ക് കൃത്യമായിട്ട് ഓർമയില്ല, രാജുവിന്റെ ഏതോ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞപ്പോൾ അതിഗംഭീരമായിരിക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്,’ ബ്ലെസി പറഞ്ഞു.

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ആടുജീവിതമാണ് ബ്ലെസിയുടെ പുതിയ ചിത്രം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടിരിക്കുകയാണ്.

Content Highlight: Blessy about mammootty’s statement

We use cookies to give you the best possible experience. Learn more