മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍ ആടുജീവിതവും തന്മാത്രയും ഒന്നും ഉണ്ടാവില്ലായിരുന്നു: ബ്ലെസി
Entertainment
മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍ ആടുജീവിതവും തന്മാത്രയും ഒന്നും ഉണ്ടാവില്ലായിരുന്നു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 8:45 am

പദ്മരാജന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറക്കിയ കാഴ്ചയിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്. 20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്തത്. രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബ്ലെസി നേടിയിട്ടുണ്ട്.

ആദ്യ ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടിയാണെന്ന് പറയുകയാണ് ബ്ലെസി. തിരക്കഥയെഴുതാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചത് കാഴ്ച എന്ന സിനിമയാണെന്നും മമ്മൂട്ടി എന്ന നടന്‍ ഇല്ലായിരുന്നെങ്കില്‍ തന്മാത്രയും ആടുജീവിതവും ഒന്നും ഉണ്ടാകില്ലെന്ന് ബ്ലെസി പറഞ്ഞു.

അഞ്ച് ദിവസം കൊണ്ട് കാഴ്ചയുടെ ഫസ്റ്റ് ഫാഫ് എഴുതിതീര്‍ത്തെന്നും അത് മമ്മൂട്ടിക്ക് വായിക്കാന്‍ കൊടുത്തിരുന്നെന്നും ബ്ലെസി പറഞ്ഞു. മമ്മൂട്ടി അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് വീണ്ടും എഴുതാനുള്ള കോണ്‍ഫിഡന്‍സ് വന്നതെന്നും കാഴ്ചയെക്കാള്‍ കോംപ്ലിക്കേറ്റഡായിട്ടുള്ള തന്മാത്രയും ആടുജീവിതവും എഴുതാന്‍ തനിക്ക് കഴിഞ്ഞത് കാഴ്ച കാരണമാണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മമ്മൂട്ടി അന്ന് സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയിരുന്നില്ലെന്ന് പിന്നീട് തന്നോട് പറഞ്ഞിരുന്നുവെന്നും ബ്ലെസി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘മമ്മൂക്ക എന്ന ആളില്ലായിരുന്നെങ്കില്‍ ആടുജീവിതം ഉണ്ടാകില്ല എന്ന് ഉറപ്പാണ്. ആടുജീവിതവും തന്മാത്രയും എന്നെക്കൊണ്ട് എഴുതാന്‍ പറ്റുമെന്ന് തെളിയിച്ചത് കാഴ്ചയാണ്. അന്ന് വേറെയാരെയും തിരക്കഥ എഴുതാന്‍ ഏല്പിക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞതുകൊണ്ടാണ് കാഴ്ച ഞാന്‍ തന്നെ എഴുതിയത്.

ഒരു സൂപ്പര്‍സ്റ്റാര്‍ നമ്മളെഴുതുന്ന സ്‌ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കുക എന്ന കാര്യം എനിക്ക് തന്ന കോണ്‍ഫിഡന്‍സുണ്ട്. അഞ്ച് ദിവസം കൊണ്ട് ഫസ്റ്റ് ഫാഫ് എഴുതിത്തീര്‍ത്ത് മമ്മൂക്കയെ ഏല്പിച്ചു.പുള്ളി അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് എനിക്ക് വീണ്ടും എഴുതാന്‍ പറ്റിയത്. കാഴ്ചയെക്കാള്‍ കോംപ്ലിക്കേറ്റഡായ കഥയാണ് തന്മാത്ര.

അതൊക്കെ എന്നെക്കൊണ്ട് എഴുതാന്‍ സാധിച്ചത് കാഴ്ച കാരണമാണ്. പക്ഷേ അന്ന് ഞാന്‍ കൊടുത്ത സ്‌ക്രിപ്റ്റ് മമ്മൂക്ക വായിച്ചില്ലായിരുന്നു. രണ്ട് സീന്‍ മാത്രമേ പുള്ളി വായിച്ചുള്ളൂ. കാഴ്ച റിലീസായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ഇത് ഞാന്‍ അറിയുന്നത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about Mammootty’s influence in his career