| Friday, 13th September 2024, 7:56 pm

ആ മമ്മൂട്ടി ചിത്രത്തിലേക്ക് നായികയായി പുതിയ ഒരാളെ കണ്ടെത്തി, എന്നാല്‍ അവര്‍ക്ക് അതിനോട് താത്പര്യമില്ലായിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബ്ലെസി. പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളില്‍ സംവിധാനസഹായിയായാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് ലോഹിതദാസിനൊപ്പവും ബ്ലെസി പ്രവര്‍ത്തിച്ചു. ജോക്കര്‍, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളില്‍ ബ്ലെസി ലോഹിതദാസിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ബ്ലെസി. ജോക്കര്‍ എന്ന സിനിമ റിലീസായതിന് ശേഷം കുറച്ച് കഴിഞ്ഞാണ് അരയന്നങ്ങളുടെ വീടിനെക്കുറിച്ച് ലോഹിതദാസ് തന്നോട് സംസാരിച്ചതെന്ന് ബ്ലെസി പറഞ്ഞു. ചിത്രത്തിലെ നായികയായി നോര്‍ത്ത് ഇന്ത്യന്‍ ലുക്കുള്ള ഒരാളെ വേണമെന്ന് ലോഹിതദാസ് തന്നോട് ആവശ്യപ്പെട്ടെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

ഒരു കാപ്പിയുടെ പരസ്യത്തില്‍ നിന്നാണ് ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടെത്തിയതെന്നും അവരുടെ വീട്ടില്‍ പോയി സംസാരിച്ചെന്നും ബ്ലെസി പറഞ്ഞു. എന്നാല്‍ ലക്ഷ്മിക്ക് അഭിനയത്തോട് താത്പര്യമില്ലായിരുന്നെന്നും ഡാന്‍സിലാണ് അവര്‍ക്ക് താത്പര്യമെന്നും പറഞ്ഞെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ലക്ഷ്മിയെക്കൊണ്ട് അഭിനയിക്കാമെന്ന് വളരെ പാടുപെട്ട് സമ്മതിപ്പിച്ചെന്നും ബ്ലെസി പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജോക്കറിന് ശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് ലോഹിയേട്ടന്‍ എന്നെ വിളിച്ച് അടുത്ത സിനിമയെപ്പറ്റി സംസാരിച്ചു. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കേരളത്തിലെ തറവാട്ടിലേക്ക് മടങ്ങിവരുന്ന ഒരു ഫാമിലിയുടെ കഥയാണ് പുള്ളി പറഞ്ഞത്. ആ സിനിമയിലേക്ക് നായികയായി പുതിയ ഒരാളെ വേണമെന്നും നോര്‍ത്ത് ഇന്ത്യന്‍ ലുക്കുള്ള ഒരാളായിരിക്കണമെന്നും ലോഹിയേട്ടന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഒരു കാപ്പിപ്പൊടിയുടെ പരസ്യത്തില്‍ അഭിനയിച്ച ഒരു പെണ്‍കുട്ടിയുടെ മുഖം എന്റെ മനസില്‍ വന്നു.

അന്വേഷിച്ച് ചെന്നപ്പോള്‍ ബാംഗ്ലൂരിലുള്ള ഒരു കുട്ടിയാണെന്നും പേര് ലക്ഷ്മി ഗോപാലസ്വാമി എന്നാണെന്നും അറിഞ്ഞു. ഞാനും ക്യാമറാമാന്‍ വേണുഗോപാലും കൂടി ബാംഗ്ലൂരിലെത്തി അവരെക്കണ്ടു. എന്നാല്‍ അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. ഡാന്‍സിനോടായിരുന്നു അവരുടെ ക്രേസ്. അങ്ങനെ താത്പര്യമില്ലാത്ത ഒരാളെ ഞാന്‍ മനസുമാറ്റി സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിപ്പിച്ചു. പിന്നീട് അവര്‍ മലയാളത്തിലും തമിഴിലും ഒരുപാട് സിനിമകള്‍ ചെയ്തു,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about how he found Lakshmi Gopalaswamy

Latest Stories

We use cookies to give you the best possible experience. Learn more