|

ബ്രിട്ടാനിയയുടെ പരസ്യത്തില്‍ നിന്നാണ് എനിക്ക് ആ സിനിമയുടെ ഐഡിയ ലഭിച്ചത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി അണിയിച്ചൊരുക്കിയ സിനിമയാണ് 2008ല്‍ പുറത്തിറങ്ങിയ കല്‍ക്കട്ടാ ന്യൂസ്.

ആ സിനിമയുടെ ചിന്ത ഉണ്ടായത് ബ്രിട്ടാനിയയുടെ പരസ്യത്തില്‍ നിന്നായിരുന്നുവെന്ന് പറയുകയാണ് ബ്ലെസി. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖ്ത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്. ആ പരസ്യത്തില്‍ ഒരു സ്ത്രീയും പുരുഷനും കല്‍ക്കട്ടയിലെ സ്ട്രീറ്റില്‍ നിന്ന് ചായ കുടിക്കുകയും ബിസ്‌കറ്റ് കഴിക്കുകയും ചെയ്യുന്ന ഫ്രെയിം കണ്ടപ്പോഴാണ് തനിക്ക് കല്‍ക്കട്ടയില്‍ പോയി സിനിമ ചെയ്യണമെന്ന് തോന്നിയതെന്നും ബ്ലെസി പറഞ്ഞു.

‘ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ ഒരു പരസ്യമുണ്ട്. ജബദി ജലാ ജായേ എന്ന പാട്ടൊക്കെയുള്ള പരസ്യമായിരുന്നു അത്. കല്‍ക്കട്ടയിലെ സ്ട്രീറ്റില്‍ ചായക്കടയില്‍ നിന്ന് ഒരു സ്ത്രീയും പുരുഷനും, അവര്‍ ഭാര്യയും ഭര്‍ത്താവുമാണോ, കാമുകിയും കാമുകനുമാണോ എന്നൊന്നും അറിയില്ല. മെച്വറായിട്ടുള്ള കപ്പിളിനെപ്പോലെ തോന്നി.

അവര്‍ ആ മഴയത്ത് നിന്ന് ചായ കുടിക്കുകയും, ബിസ്‌കറ്റ് നുണയുകയും ചെയ്യുന്നുണ്ട്. എന്നെ വല്ലാതെ ആകര്‍ഷിച്ച ഫ്രെയിമായിരുന്നു അത്. ആ പരസ്യം കണ്ടപ്പോള്‍ എനിക്ക് കല്‍ക്കട്ടയില്‍ പോയി ഒരു സിനിമ ചെയ്യണമെന്ന് തോന്നുകയും, അങ്ങനെ ഷൂട്ട് ചെയ്ത സിനിമയാണ് കല്‍ക്കട്ടാ ന്യൂസ്.

എന്റെ ബാക്കി സിനിമകളും ഇതുപോലെ ഉണ്ടായ കഥകളാണ്. കാഴ്ച എന്ന സിനിമ, അതിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചാല്‍, ഒരു വള്ളത്തിന്റെ മുനമ്പില്‍ ഇരിക്കുന്ന കുട്ടി, പെട്ടെന്ന് അവന്റെ മുഖത്തേക്ക് ഒരു ലൈറ്റിന്റെ റിഫ്‌ളക്ഷന്‍ അടിക്കുന്നു. ആ ലൈറ്റ് ഒരു സിനിമാ പ്രൊജക്ഷന്റെയാണ്. ഉണ്ണീ വാവാവോ എന്ന പാട്ട് സിനിമയില്‍ കാണിക്കുന്നു. ആ കുട്ടിയുടെ മനസില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ വരുന്നു. അങ്ങനെ അതിന്റെ ബാക്ക്‌സ്‌റ്റോറിയിലേക്ക് പോകുന്ന പോലെയാണ് കാഴ്ചയുടെ കഥ.

ഭ്രമരം എന്നു പറയുന്ന സിനിമ, അതിന്റെ കഥ മുഴുവനായി എന്റെ മനസിലുണ്ടായിരുന്നില്ല. ഒരു വീട്ടിലേക്ക് പെട്ടെന്നൊരു ദിവസം ഒരാള്‍ കയറിവരുന്നു. അയാള്‍ക്ക് ആ വീട്ടിലെ എല്ലാവരെയും അറിയുന്ന പോലെ പെരുമാറുന്നു. എന്നാല്‍ ആ വീട്ടിലുള്ളവര്‍ക്ക് അയാളെ തീരെ അറിയില്ല. അയാളുടെ പിന്നിലുള്ള ദുരൂഹത എന്താണ്. ആരാണയാള്‍ എന്നൊക്കെയുള്ളതില്‍ നിന്ന് ഉണ്ടായ സിനിമയായിരുന്നു ഭ്രമരം,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about how he comes to the story of Calcutta News movie