| Thursday, 4th April 2024, 1:50 pm

ആടുജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നോവലില്ലാത്ത ആ സീന്‍: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. നോവലില്ലാത്ത, താന്‍ എഴുതിച്ചേര്‍ത്ത ഒരു രംഗത്തെ കുറിച്ചാണ് ബ്ലെസി മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുന്നത്.

ഈ സിനിമയില്‍ ഏതെങ്കിലും രീതിയിലുള്ള ആത്മീയ സ്പര്‍ശം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബ്ലെസിയുടെ മറുപടി

ഈ സിനിമയില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു സീന്‍ ഞാന്‍ എഴുതിയതാണ്. അത് പുസ്തകത്തില്‍ നിന്നുള്ളതല്ല. നജീബ് ആടുകളുടെ ഇടികൊണ്ട് അവശനായി വീണുകിടക്കുമ്പോള്‍ കഫീല്‍ വന്നിട്ട് പോയി ആടുകളെ കൂട്ടിക്കൊണ്ടുവരാന്‍ പറയുന്നുണ്ട്. ആടുകള്‍ ആ പരന്ന മരുഭൂമി മുഴുവന്‍ വ്യാപിച്ചുകിടക്കുകയാണ്.

എനിക്ക് ആശുപത്രിയില്‍ പോണം ഉമ്മാ എന്ന് പറഞ്ഞ് ഇയാള്‍ നിലത്ത് വീണ് കിടന്ന് നിലവിളിക്കുന്ന സമയത്ത് അവിടെ ഒരു ചെറിയ ആട്ടിന്‍കുട്ടി ഇയാളുടെ അടുത്ത് വന്ന് നിന്ന് കരയുന്നുണ്ട്. അയാള്‍ അപ്പോള്‍ അത് മനസിലാകുന്നില്ല.

ആട്ടിന്‍കുട്ടി ഇയാളുടെ വേദന മനസിലാക്കിയിട്ട് അത് മറ്റ് ആട്ടിന്‍കുട്ടികളെ വിളിച്ചുകൊണ്ടുവരികയാണ്. ഇതാണ് എന്റെ ആത്മീയത. കാരണം ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ മുകളില്‍ നിന്നൊരാള്‍ മനുഷ്യനേയും മൃഗങ്ങളേയും നോക്കുമ്പോള്‍ എല്ലാം ഒരുപോലെയല്ലേ തോന്നുക. ചെറിയ പൊട്ടുകള്‍ പോലെയല്ലേ ഉണ്ടാവുള്ളൂ. ഇതിനെ ഇങ്ങനെ വേര്‍തിരിച്ച് എടുക്കുന്നതൊക്കെ നമ്മുടെ ബുദ്ധി മാത്രമാണ്. എന്റെ വിഷമങ്ങളും പ്രയാസങ്ങളും മറ്റൊരു മൃഗത്തിന് പോലും മനസിലാക്കുന്ന തരത്തിലേക്ക് എത്തിക്കുന്നത് ഈശ്വരനാണ്. ആടിന്റെ ബുദ്ധിയല്ല,’ ബ്ലെസി പറഞ്ഞു.

ബ്ലെസിയെ സംബന്ധിച്ച ആടുജീവിതം യാത്രയിലെ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തം ഏതായിരുന്നു എന്ന ചോദ്യത്തിന് ഈ സിനിമ പൂര്‍ത്തിയാക്കുക എന്നായിരുന്നു ബ്ലെസിയുടെ മറുപടി.

‘ഈ സിനിമ 28ാം തിയതി 10 മണിക്ക് തിയേറ്ററില്‍ എത്തിയപ്പോള്‍, ഒരുപാട് ആളുകള്‍ അഭിപ്രായങ്ങള്‍ എന്റെ അടുത്ത് വിളിച്ച് പറഞ്ഞപ്പോള്‍ തമ്പുരാനേ ഇത് സിനിമയായല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വികാരം.

കാരണം ഇത്രയും കാലം ഇത് എന്ന് സിനിമയാകും, എന്ന് സിനിമയാകും എന്ന് വിചാരിച്ചിടത്ത് നിന്ന് ഇത് പൂര്‍ത്തീകരിക്കാന്‍ പറ്റി. അതും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലേക്ക് പൂര്‍ത്തിയാക്കാന്‍ പറ്റി എന്നതാണ് ഞാന്‍ ഏറ്റവും അധികം നന്ദിയോടെ സൂക്ഷിക്കുന്ന ഓര്‍മ.

ഒരുപാട് തലങ്ങളിലൂടെ നമ്മള്‍ സഞ്ചരിച്ചു എന്നുള്ളതുകൊണ്ട് തന്നെ അതില്‍ ഏതെങ്കിലും ഒരു പ്രത്യേകമുഹൂര്‍ത്തം എനിക്ക് പറയാന്‍ പറ്റില്ല’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about his favorite scene on Aaudujeevithan movie

We use cookies to give you the best possible experience. Learn more