| Saturday, 6th April 2024, 8:22 am

കട്ടിലില്‍ ചാഞ്ഞ് കിടന്നുകൊണ്ടായിരുന്നു ലാസ്റ്റ് ഷോട്ട് എടുത്തത്, ഷൂട്ട് കഴിഞ്ഞതും ഞാന്‍ ആശുപത്രിയിലായി: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ പരിശ്രമമാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ സിനിമാരൂപത്തിലേക്ക് മാറ്റുവാന്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. 2018ല്‍ ഷൂട്ട് പലതരം പ്രയാസങ്ങള്‍ നേരിട്ട് 2023ലാണ് തീര്‍ന്നത്. തിയേറ്ററുകളില്‍ നിന്ന് ഗംഭീര അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. ബോക്‌സ് ഓഫീസിലും സിനിമ വലിയ കുതിപ്പാണ് നടത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍, സിനിമയുടെ അവസാന ഷോട്ട് എടുത്ത ശേഷം ബ്ലെസി വയ്യാതാവുകയും ഹോസ്പിറ്റലൈസ്ഡ് ആയെന്നും, വീല്‍ചെയറിലാണ് എയര്‍പോര്‍ട്ടിലെത്തിച്ചതെന്നും പൃഥ്വി പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ അനുഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് ബ്ലെസി പങ്കുവെച്ചു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

‘ഷൂട്ടിന്റെ അവസാന ദിവസമായപ്പോഴേക്ക് ഞാന്‍ വല്ലാതെ ക്ഷീണിതനായി. ജോര്‍ദനിലെ ചൂടൊക്കെ കാരണം വയ്യാതായി. ലാസ്റ്റ് ദിവസമായപ്പോള്‍ ശരീരം ചെറുതായി ചൂടായിത്തുടങ്ങി. ലാസ്റ്റ് ഡേ ഓരോ ഷോട്ട് കഴിയുന്തോറും എന്റെ അവസ്ഥ മോശമായി വന്നു. ആദ്യമൊക്കെ നിന്നുകൊണ്ട് ഇന്‍സ്ട്രക്ഷന്‍സ് നല്‍കിയ ഞാന്‍ പിന്നീട് കസേരയില്‍ ഇരുന്നു.

അവസാനമായപ്പോള്‍ ഞാന്‍ മോണിറ്ററിന്റെ അടുത്ത് കട്ടിലിട്ട് ചാഞ്ഞ് കിടന്നുകൊണ്ട് ഓരോ ഇന്‍സ്ട്രക്ഷന്‍സ് കൊടുത്തത്. എല്ലാം കഴിഞ്ഞപ്പോഴേക്ക് ഞാന്‍ ഹോസ്പിറ്റലൈസ്ഡ് ആയി. ബോഡിയിലെ സോഡിയം ലെവലൊക്കെ വല്ലാതെ കുറഞ്ഞു. അഞ്ചാമത്തെ ദിവസമായപ്പോള്‍ ഞാന്‍ ഹാലൂസിനേഷന്‍സ് കാണാന്‍ തുടങ്ങി. രാജു വരുന്ന അതേ ഫ്‌ളൈറ്റിലാണ് എന്നെയും കൊണ്ടുവന്നത്. വീല്‍ചെയറില്‍ ഇരുത്തിയാണ് എന്നെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവന്നത്. അതായിരുന്നു ആ സമയത്തെ എന്റെ അവസ്ഥ,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about his bad health condition during Aadujeevitham shoot

We use cookies to give you the best possible experience. Learn more