| Saturday, 3rd August 2024, 9:25 pm

ആറ് തവണ പാലത്തിന് മുകളില്‍ നിന്നും, നാല് തവണ കുന്നിന്റെ മുകളില്‍ നിന്നും ചാടിച്ചിട്ടും പൃഥ്വി എന്നോട് ദേഷ്യപ്പെട്ടില്ല: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും അഭിപ്രായപ്പെട്ട ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രരൂപം ഒരുക്കിയത് ബ്ലെസിയാണ്. പത്ത് വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റിന്റെ ചിത്രീകരണത്തിനായി ആറ് വര്‍ഷത്തോളം ബ്ലെസി ചെലവഴിച്ചു. തിയേറ്ററില്‍ വന്‍ വിജയം നേടിയ ശേഷം ഒ.ടി.ടി റിലീസിലും മികച്ച പ്രതികരണമാണ് ആടുജീവിതം സ്വന്തമാക്കിയത്.

നജീബ് എന്ന കഥാപാത്രമായി പകരം വെക്കാനില്ലാത്ത പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവെച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ശരീരഭാരം 30 കിലോയോളമാണ് പൃഥ്വിരാജ് കുറച്ചത്. ഒരു സീനില്‍ പോലും പൃഥ്വിരാജിനെ കാണാന്‍ സാധിച്ചില്ലെന്നും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് പൃഥ്വി പുറത്തെടുത്തതെന്നും പലരും അഭിപ്രായപ്പെട്ടു. ചിത്രത്തിനായി താന്‍ പൃഥ്വിയെ വളരെയധികം കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു.

പാലത്തിന് മുകളില്‍ നിന്ന് ചാടുന്ന ഷോട്ട് ഉദ്ദേശിച്ച രീതിയില്‍ കിട്ടാത്തതുകൊണ്ട് ആറ് തവണ റീടേക്കെടുക്കേണ്ടി വന്നെന്ന് ബ്ലെസി പറഞ്ഞു. അതുപോലെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ മണ്‍കൂനയില്‍ നിന്ന് ഉരുണ്ടുപോകേണ്ട ഷോട്ട് നാല് തവണ എടുത്തുവെന്നും ബ്ലെസി പറഞ്ഞു. ഈ സമയത്തൊക്കെ തന്നോട് ദേഷ്യപ്പെടാതെ സിനിമ നന്നാകണമെന്ന് മാത്രം ചിന്തിച്ച പൃഥ്വിയെയാണ് കണ്ടതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വി ഈ സിനിമക്ക് വേണ്ടിയെടുത്ത എഫര്‍ട്ട് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ‘ഇത്രയും പോരെ, ഇനി ചെയ്യണോ’ എന്ന് ഒരിക്കല്‍ പോലും പൃഥ്വി പരാതിപ്പെട്ടിട്ടില്ല. ഞാനാണെങ്കില്‍ ഓരോ തവണയും പൃഥ്വിയെ കഷ്ടപ്പെടുത്തുകയായിരുന്നു. പാലത്തിന്റെ മുകളില്‍ നിന്ന് വെള്ളത്തിലേക്ക് ചാടുന്ന ഷോട്ട് ആറ് ടേക്ക് വരെ പോയിരുന്നു. നമ്മള്‍ ഉദ്ദേശിച്ച രീതയില്‍ ആ സീന്‍ കിട്ടാത്തതുകൊണ്ടാണ് അത്രയും തവണ എടുക്കേണ്ടി വന്നത്.

അതുപോലെ ക്ലൈമാക്‌സിനോട് അടുത്തപ്പോള്‍ മണ്‍കൂനയില്‍ നിന്ന് താഴേക്ക് ഉരുണ്ടുപോകുന്ന സീനും നാല് തവണ എടുക്കേണ്ടി വന്നു. ഈ സമയത്തൊന്നും പൃഥ്വിയെ ദേഷ്യപ്പെട്ട് കണ്ടിട്ടേയില്ല. സിനിമ നന്നായി വരണമെന്ന് മാത്രമേ അയാള്‍ ചിന്തിക്കുള്ളൂ. സിനിമയോട് അത്രക്ക് കമ്മിറ്റ്‌മെന്റാണ് അയാള്‍ക്ക്. ആ എഫര്‍ട്ടിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about efforts taken by Prithviraj in Aadujeevitham

We use cookies to give you the best possible experience. Learn more