കൽക്കട്ട ന്യൂസ് ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ പരസ്യത്തിൽ നിന്നാണ് ഉണ്ടായതെന്ന് സംവിധായകൻ ബ്ലെസി. തന്റെ സിനിമകളുടെ കൂട്ടത്തിൽ ആളുകൾ ഇഷ്ടപെടുന്ന ഒരു പടമാണ് കൽക്കട്ട ന്യൂസെന്ന് ബ്ലെസി പറഞ്ഞു. കൽക്കട്ടയിൽ ഒരു ചാറ്റൽ മഴയുള്ള സമയത്ത് മധ്യ വയസ്കരായ ഒരാണും പെണ്ണും ചായ കുടിക്കുകയും അതിന്റെ പിറകിൽ യേശുദാസിന്റെ ചിറ്റ്ചോറിലെ പാട്ടൊക്കെ കേൾക്കുന്ന ഒരു ഫ്രെയിം കണ്ടപ്പോഴാണ് തനിക്ക് കൽക്കട്ടയിൽ വെച്ച് ഒരു സിനിമ എടുക്കണമെന്ന് തോന്നിയതെന്ന് ബ്ലെസി കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൽക്കട്ട ന്യൂസ് എന്റെ നല്ല സിനിമകളുടെ കൂട്ടത്തിൽ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരെ എനിക്കറിയാം. ബ്രിട്ടാനിയ ബിസ്കറ്റിന്റെ ഒരു പരസ്യത്തിൽ നിന്നാണ് ആ സിനിമ ഉണ്ടാകുന്നത്. കൽക്കട്ടയിൽ ഒരു ചാറ്റൽ മഴയുള്ള സമയത്ത് മധ്യ വയസ്കരായ ഒരു മെയിലും ഫീമെയിലും ചായ കുടിക്കുകയും അതിന്റെ പിറകിൽ ദാസേട്ടന്റെ ചിറ്റ്ചോറിലെ പാട്ടൊക്കെ കേൾക്കുന്ന ഒരു ഫ്രെയിം ഉണ്ട്. ആ ഫ്രെയിം കണ്ടപ്പോഴാണ് എനിക്ക് കൽക്കട്ടയിൽ വെച്ച് ഒരു സിനിമ എടുക്കണം എന്ന് തോന്നിയത്,’ ബ്ലെസി പറഞ്ഞു.
16 വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ആടുജീവിതം ബ്ലെസി മലയാളികൾക്ക് സമ്മാനിച്ചത്. ഇനി ഇത്തരത്തിലുള്ള വലിയൊരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിനും ബ്ലെസി അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ദൈവം സഹായിച്ചിട്ട് തനിക്ക് വലിയ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല എന്നാണ് ബ്ലെസി മറുപടി നൽകിയത്.
‘ദൈവം സഹായിച്ചിട്ട് എനിക്ക് വലിയ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല. നമ്മുടെ യൂണിറ്റിൽ അസിസ്റ്റന്റ് പിള്ളേരൊക്കെ പ്രൊഡക്ഷന്റെ വർക്കുകളും കാര്യങ്ങളുമായി ക്ഷീണിച്ച് രാത്രി ഓഫീസിൽ വരും. അപ്പോൾ ഞാൻ ചോദിക്കും നിനക്കെന്താ ഇത്ര ക്ഷീണം നമുക്കൊന്ന് പന്ത് കളിച്ചാൽ കൊള്ളാമെന്നു പറയും.
ആ ഒരു ലെവലിലാണ് ഞാൻ എന്റെ എനർജി ലെവൽ ഞാൻ കീപ് ചെയ്യുന്നത്. അടുത്ത സിനിമ വലിയ സിനിമയെന്നോ ചെറിയ സിനിമ എന്നൊന്നുമില്ല. ആ സിനിമ ഡിമാൻഡ് ചെയ്യുന്ന പോലെ, വേറൊന്നുമില്ല. വലിയൊരു സിനിമ എടുത്തുകളയാമെന്ന് നമ്മൾ കരുതുന്നില്ല. പക്ഷേ എല്ലാവരുടെയും ആഗ്രഹം എന്താണ്, കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സിനിമ ചെയ്യണമെന്നല്ലേ. ആ ഒരു ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്,’ ബ്ലെസി പറയുന്നു.
Content Highlight: Blessy about calcutta movie’s origin