| Monday, 28th October 2024, 10:16 am

ജീൻസും ടോപ്പും ധരിച്ച് ബ്രൗൺ മുടിയുള്ള ആ പെൺകുട്ടിയാണ് പിന്നീട് മോഹൻലാലിന്റെ നായികയായത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.

ആദ്യ ചിത്രമായ കാഴ്ച മുതൽ തന്മാത്ര, പളുങ്ക് എന്നിവയിലെല്ലാം നായികമാരായി എത്തിയത് അന്യഭാഷ താരങ്ങളായിരുന്നു. പത്മപ്രിയ, മീര വാസുദേവ്, ഭൂമിക എന്നിവരായിരുന്നു ബ്ലെസി കണ്ടെത്തിയ നായികമാർ.

മീര വാസുദേവിനെ ആദ്യമായി കാണുമ്പോൾ വളരെ മോഡേൺ ലൂക്കായിരുന്നുവെന്നും എന്നാൽ കഥാപാത്രമായി മാറിയപ്പോൾ അവർ മറ്റൊരാളായി മാറിയെന്നും ബ്ലെസി പറയുന്നു. ലോഹിതദാസിന്റെ അസോസിയേറ്റ് ആയിരുന്നപ്പോൾ മന്യ, മീര ജാസ്മിൻ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവരെയൊക്കെ കണ്ടെത്തി സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു.

‘അസോസിയേറ്റ് ആയിരിക്കുന്ന സമയത്ത് തന്നെ ലോഹിയേട്ടന് വേണ്ടി പുതുമുഖ നടിമാരെ ഞാൻ തേടി നടന്നിട്ടുണ്ട്. ലക്ഷ്മി ഗോപാല സ്വാമി, മന്യ, മീര ജാസ്മിൻ ഇവരെയൊക്കെ അങ്ങനെ കണ്ടെത്തിയതാണ്. ഇവരെയൊക്കെ ആദ്യമായി കണ്ട് സിനിമയിലേക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിച്ച ഒരാളാണ് ഞാൻ.

അതിൽ മീര എന്റെ നാട്ടുകാരിയും പള്ളികാരിയുമൊക്കെയാണ്. ഒരു സ്വതന്ത്ര സംവിധായകൻ ആവുന്നതിന് മുമ്പ് തന്നെ അവരെയൊക്കെ കണ്ടെത്താൻ എനിക്ക് സാധിച്ചിരുന്നു. അതിന്റെ ഒരു തുടർച്ച പോലെ എന്റെ സിനിമ വന്നപ്പോഴും പുതിയ ആളുകളെ പരിചയപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്.

അവരുടെ ഏറ്റവും വലിയ പ്രത്യേകത, അവരെ നേരിട്ട് കണ്ടാൽ ഒട്ടും നാടനണെന്ന് തോന്നില്ലായെന്നായിരുന്നു. മീര വാസുദേവിനെയൊക്കെ ആദ്യമായി കാണുമ്പോൾ മുടിയൊക്കെ മുഴുവൻ ബ്രൗണാക്കി ജീൻസും ടോപ്പുമൊക്കെ ധരിച്ച ഒരു പെൺകുട്ടിയായിരുന്നു. ഒരു മോഡൽ എന്ന രീതിയിലാണ് കണ്ടത്. പക്ഷെ അയാളെ കഥാപാത്രമാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ഒരു സന്തോഷമാണ്, ബ്ലെസി പറയുന്നു.

Content Highlight: Blessy About Actress Meera Vasudev

We use cookies to give you the best possible experience. Learn more