ആടുജീവിതത്തിന്റെ അവസാന ഭാഗങ്ങൾ ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ബ്ലെസി. മരുഭൂമിയിലെ അവസാന ഭാഗം ഷൂട്ട് ചെയ്യുമ്പോൾ തന്നെ തനിക്ക് പനിക്കുന്ന പോലെ തോന്നിയിരുന്നെന്നും അതിനെ അവഗണിച്ചുകൊണ്ടാണ് ബാക്കി ഷൂട്ടിങ്ങിന് പോയതെന്നും ബ്ലെസി പറഞ്ഞു.
താൻ രാവിലെ നിന്ന് ജോലി ചെയ്‌തെന്നും പിന്നീട് ഇരുന്നും അതിന് ശേഷം കട്ടിൽ കിടന്നാണ് മോണിറ്ററിൽ നോക്കിയതെന്നും ബ്ലെസി പറയുന്നുണ്ട്. ആ അവസ്ഥയിലാണ് ലാസ്റ്റ് ഷോട്ടുകൾ ഒക്കെ എടുത്തതെന്നും തന്റെ സോഡിയം ലെവൽ താഴോട്ട് പോയെന്നും ബ്ലെസി കൂട്ടിച്ചേർത്തു. നാട്ടിൽ വന്നിട്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെന്നും ബ്ലെസി കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ജോർദാനിലാണ് ലാസ്റ്റ് സീൻസുകൾ ഷൂട്ട് ചെയ്യാണ്. രാജുവിന്റെ ലാസ്റ്റ് ടെലിഫോൺ സീക്വന്‍സുകൾ ആണ് ഷൂട്ട് ചെയ്യുന്നത്. അതിന്റെ രണ്ടുദിവസം മുൻപ് തന്നെ മരുഭൂമിയിലെ വർക്കുകൾ ഒക്കെ നമ്മൾ തീർത്തു. ഭയങ്കരമായ ചൂടത്തും വെയിലത്തുമാണ് ഷൂട്ട്. അവിടെ വച്ച് തന്നെ നന്നായിട്ട് പനിക്കുന്ന പോലെ തോന്നിയിരുന്നു. അതിനെ അവഗണിച്ചുകൊണ്ടാണ് ഞാൻ ഷൂട്ടിങ്ങിനു പോയത്.
രാജുവിന്റെ ഷോട്ടുകളൊക്കെ കഴിഞ്ഞു. രാവിലെ നിന്നുകൊണ്ട് ജോലി ചെയ്ത ആൾ പിന്നെ ഇരുന്നു. പിന്നീട് കട്ടിലിൽ മോണിറ്റർ വെച്ച് ചാഞ്ഞു കിടന്നു. ഞാനിങ്ങനെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആ അവസ്ഥയിലാണ് ലാസ്റ്റ് ഷോട്ടുകൾ ഒക്കെ നമ്മൾ എടുക്കുന്നത്. എന്റെ സോഡിയം ലെവൽ താഴോട്ട് പോയി.
പിന്നീട് കുറച്ചുദിവസം ഹാലൂസിനേഷനിൽ ഒക്കെയായിരുന്നു. നാട്ടിൽ വന്നിട്ടും ഹോസ്പിറ്റലിൽ ആവുകയൊക്കെ ചെയ്തു. അവിടുന്ന് അവർക്കത് തിരിച്ചറിയാൻ പറ്റിയില്ല. രാജു വരുന്ന അതേ ഫ്ലൈറ്റിൽ തന്നെയാണ് ഞാനും വന്നത്. എന്റെ ബോർഡിങ് പാസ് ഒക്കെ പോയി, പിന്നെ വിളിച്ചിട്ട് ഡ്യൂപ്ലിക്കേറ്റ് എടുത്തു. രാജു എന്നെ ഫീഡ് ഒക്കെ ചെയ്തു. എന്തെങ്കിലും കഴിക്കണം ചേട്ടാ എന്നൊക്കെ പറഞ്ഞ്. എന്നെ വീൽ ചെയറിലാണ് വന്നത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy about aadujeevitham movie’s last days shooting experience