| Sunday, 14th April 2024, 9:53 pm

ആടുജീവിതത്തിലെ ആ ഡയലോഗ് എഴുതിയത് ബോഡിങ് പാസിൽ; ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ വരുമ്പോൾ: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. മാര്‍ച്ച് 28ന് റിലീസായ ചിത്രം ഒമ്പത് ദിവസം കൊണ്ട് 100കോടി കളക്ഷന്‍ നേടി. 2008ല്‍ അനൗണ്‍സ് ചെയ്ത ചിത്രം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷവും ഷൂട്ട് തീരാന്‍ ആറ് വര്‍ഷവുമെടുത്തു. സിനിമക്കായ് നടന്‍ പൃഥ്വിരാജ് ശരീരഭാരം 30 കിലോയോളമാണ് കുറച്ചത്.

ചിത്രത്തിൽ അവസാനം നജീബ് ഫ്ലൈറ്റിൽ കയറുന്നതിനു മുമ്പ് പറയുന്ന ഡയലോഗ് എഴുതിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി. മൂന്ന് വർഷം മരുഭൂമിയിൽ കിടന്നതിനേക്കാൾ പ്രയാസമായിരുന്നു മൂന്നുമാസം ജയിലിൽ കിടന്നത് എന്ന നജീബിന്റെ ഡയലോഗ് തനിക്ക് എത്രയായിട്ടും കിട്ടിയില്ലെന്ന് ബ്ലെസി പറഞ്ഞു.

ഒരു ദിവസം ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ വരുമ്പോഴാണ് തനിക്ക് എഴുതണമെന്ന് തോന്നിയതെന്നും അങ്ങനെയാണ് ആ ഡയലോഗ് എഴുതിയതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. കയ്യിൽ പേന ഉണ്ടായിരുന്നെന്നും എന്നാൽ പേപ്പർ ഇല്ലാത്തതുകൊണ്ട് ബോഡിങ് പാസിലാണ് എഴുതിയതെന്നും ബ്ലെസി രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘സിനിമയുടെ അവസാനം നജീബ് ഫ്ലൈറ്റിൽ കയറുന്നതിനു മുമ്പ് മൂന്ന് വർഷം മരുഭൂമിയിൽ കിടന്നതിനേക്കാൾ പ്രയാസമായിരുന്നു മൂന്നുമാസം ജയിലിൽ കിടന്നത് എന്നൊരു ഡയലോഗ് ഉണ്ട്. അതിന് ഇങ്ങനെ ഒരു സ്ട്രക്ചർ ഉണ്ട്. എന്ത് എഴുതണമെന്ന് കിട്ടുന്നില്ല. ലാസ്റ്റ് ഡബ്ബിങ്ങിന് സമയത്ത് വേണ്ട സാധനമാണ്. ഒരുപാട് എഴുതി നോക്കി. ഒന്നും നടക്കുന്നില്ല.

ഒരു പ്രാവശ്യം ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. ഫ്ലൈറ്റിൽ കയറിയിരുന്ന് കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കരമായിട്ട് എഴുതണമെന്ന് തോന്നി. കയ്യിൽ പേനയുണ്ട്, പേപ്പറില്ല. കയ്യിൽ ബോർഡിങ് പാസ് ഉണ്ട്. ബോർഡിങ് പാസിൽ ഞാൻ എഴുതി വെച്ചു. അതാണ് ആ ഡയലോഗ്. നമ്മളല്ല വേറെ ആരോ ചെയ്യുന്ന പരിപാടിയാണ്. നമ്മൾ അതിനകത്ത് നിൽക്കുന്നു എന്ന് മാത്രമേയുള്ളൂ,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about a dialogue written in a flight  journey

We use cookies to give you the best possible experience. Learn more