തന്മാത്ര എനിക്ക് എഴുതാൻ സാധിച്ചത് ആ മമ്മൂട്ടി ചിത്രം കാരണമാണ്: ബ്ലെസി
Malayalam Cinema
തന്മാത്ര എനിക്ക് എഴുതാൻ സാധിച്ചത് ആ മമ്മൂട്ടി ചിത്രം കാരണമാണ്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st January 2025, 11:40 am

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബ്ലെസി. പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളില്‍ സംവിധാനസഹായിയായാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ റിലീസായ കാഴ്ചയിലൂടെ സ്വതന്ത്രസംവിധായകനായി മാറി.

20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമേ ബ്ലെസി ചെയ്തിട്ടുള്ളൂ. മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ബ്ലെസി നേടി.

കാഴ്ച എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും കാഴ്ച ചെയ്തതുകൊണ്ടാണ് തനിക്ക് തന്മാത്ര എന്ന സിനിമ ചെയ്യാൻ സാധിച്ചെന്നും ബ്ലെസി പറഞ്ഞു. 2024 ൽ അത്ഭുതപ്പെടുത്തിയ സംവിധായകരുടെ കയ്യിൽ അടുത്ത വർഷത്തേക്കും മരുന്നുണ്ടാവുമെന്നും അല്ലെങ്കിൽ പ്രേക്ഷകർ തിയേറ്ററിൽ നിന്ന് പോവുമെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ചിദംബരം, ദിൻജിത്ത് അയ്യത്താൻ, രാഹുൽ സദാശിവൻ എന്നീ സംവിധായകരോടൊപ്പം ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയിരുന്നു ബ്ലെസി.

‘കാഴ്ച കഴിഞ്ഞ സമയത്ത് എന്നോട് ഒരുപാടാളുകൾ ചോദിച്ചിട്ടുണ്ട് ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന്. അത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. കാരണം പ്രേക്ഷകർ നമ്മളെ കുറിച്ച് പ്രതീക്ഷിക്കുന്നുണ്ടല്ലോ. കാരണം കാഴ്ചയ്ക്ക് മുമ്പ് തന്നെ തന്മാത്ര എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

എനിക്ക് ഉണ്ടായ ഒരു ഗുണം എന്താണെന്ന് വെച്ചാൽ, കാഴ്ച എഴുതാൻ പറ്റിയതുകൊണ്ട് എനിക്ക് തന്മാത്ര എഴുതാൻ സാധിച്ചു എന്നുള്ളതാണ്. അല്ലെങ്കിൽ തന്മാത്ര ആരെകൊണ്ട് എഴുതിപ്പിക്കും എന്നോർത്ത് ടെൻഷനാവുമായിരുന്നു. അതുപോലെയാണ് പുതിയ സംവിധായകർ. അവരുടെ മറ്റൊരു സിനിമയെ കുറിച്ച് നമ്മൾ കേട്ടിട്ടില്ലല്ലോ. അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് അവരെല്ലാം വന്നിട്ടുള്ളത്. തീർച്ചയായും 2025 ലേക്ക് അവരുടെ കയ്യിൽ മരുന്ന് ബാക്കിയുണ്ടാവും എന്നാണ് എന്റെ പ്രതീക്ഷ.

മഞ്ഞുമ്മൽ ബോയ്സ് ആണെങ്കിലും കിഷ്കിന്ധാ കാണ്ഡമാണെങ്കിലും അതുപോലെ ഭ്രമയുഗമാണെങ്കിലും മൂന്നും നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സിനിമയാണ്. അതാണ് അതിന്റെ ഏറ്റവും വലിയ ബ്രില്ല്യന്റ്സ്. അങ്ങനെ നമുക്ക് എടുത്ത് കാണിക്കാൻ ഇവരുണ്ടാവും, ഇവരെ പോലെ വേറെ ആളുകളും ഭാവിയിൽ ഉണ്ടാവണം. അല്ലെങ്കിൽ പ്രേക്ഷകർ തിയേറ്ററിൽ നിന്ന് പോവും,’ബ്ലെസി പറയുന്നു.

Content Highlight: Blessy About 2024 Movies And Thanmathra Movie