വെളിച്ചെണ്ണയില്‍ മറ്റ് ഭക്ഷ്യ എണ്ണകള്‍ ചേര്‍ക്കാനുള്ള ഉത്തരവിന്റെ മറവില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. വെളിച്ചെണ്ണയില്‍ മറ്റ് ഭക്ഷ്യ എണ്ണകള്‍ ചേര്‍ക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാരാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത്. ഈ അനുമതിയുടെ മറവില്‍ വ്യാപക ക്രമക്കേട് നടക്കുകയാണ് വിപണിയില്‍ ഇന്ന്.
ഏതെങ്കിലും ഒരു ഭക്ഷ്യ എണ്ണയില്‍ വെളിച്ചെണ്ണ ചേര്‍ത്തു വില്‍ക്കാനുള്ള ബ്ലൊന്‍ഡിങ് ലൈസന്‍സ് ആണ് കേന്ദ്രസര്‍ക്കാര്‍ എണ്ണ നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കുന്നത്. ആ കാര്യം എണ്ണയുടെ പുറത്ത് കൃത്യമായി, ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വണ്ണം രേഖപ്പെടുത്തണം എന്നാണ് നിയമം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന എണ്ണ വെളിച്ചെണ്ണ ആണെന്ന പേരില്‍ വിപണിയില്‍ വില്‍ക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ്.
ഭക്ഷ്യ എണ്ണകള്‍ ചേര്‍ത്താല്‍ വെളിച്ചെണ്ണയെന്ന പേര് നല്കാനാകില്ല. സസ്യ എണ്ണ എന്ന് തന്നെ പേര് നല്‍കണം. നിലവില്‍ സൂര്യകാന്തി എണ്ണ, പാംകര്‍ണല്‍ ഓയില്‍, പാമോയില്‍ എന്നിവയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്. ഭക്ഷ്യയോഗ്യമായ മറ്റ് എണ്ണകള്‍ ചേര്‍ക്കുന്നവരും ഉണ്ട്. എന്നാല്‍ കമ്പനികളെല്ലാം ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നത് വെളിച്ചെണ്ണയെന്ന പേരില്‍ തന്നെയാണ്.
കവറിന് പുറത്ത് നാളികേരത്തിന്റെ ചിത്രവും, ഒറ്റ നോട്ടത്തില്‍ വെളിച്ചെണ്ണയെന്ന് തോന്നിപ്പിക്കുന്ന ബ്രാന്റ് നെയിമും നല്‍കിയാണ് വില്‍പ്പന നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് മനസ്സിലാകാത്ത തരത്തില്‍, ഏറ്റവും ചെറുതായി ചേര്‍ത്ത ഭക്ഷ്യ എണ്ണയുടെ പേര് നല്‍കുന്നുമുണ്ട്.
ALSO READ: കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു; പ്രതീക്ഷയോടെ മലയാളികള്‍
വെളിച്ചെണ്ണയുടെ വില വ്യാപകമായ രീതിയില്‍ ഉയര്‍ന്ന് വന്നതോടെ ഭക്ഷ്യ വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും മറ്റും കേരള വിപണിയില്‍ എത്തുന്ന വെളിച്ചെണ്ണയില്‍ മായം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആണ് പുതിയ വിപണന തന്ത്രങ്ങളുമായി കമ്പനികള്‍ രംഗത്തെത്തിയത്.
ഇതര ഭക്ഷ്യ എണ്ണകള്‍ ചേര്‍ത്ത് വെളിച്ചെണ്ണ വില്‍ക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിയമപരമായി നല്‍കുന്നത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് നടപടിയെടുക്കാന്‍ കഴിയില്ല. കേരളത്തിലെ എണ്ണയാട്ട് വ്യവസായത്തെയും നാളികേര കര്‍ഷകരെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. ബ്ലെന്‍ഡിങ് എണ്ണയാണെന്ന് നേരത്തെ പ്രഖ്യാപിക്കുന്നതിനാല്‍ ഇതിന്റെ വില്പനയും കയറ്റുമതിയും കാര്യമായ പരിശോധന ഇല്ലാതെയാണ്.
ബോട്ടിലുകളുടെ പുറത്ത് വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കാന്‍ കഴിയുന്നതെന്ന് കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ചോദിച്ചപ്പോള്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നതില്‍ തന്നെ തെറ്റുണ്ട് എന്നായിരുന്നു അവരുടെ മറുപടി.
“മനപ്പൂര്‍വ്വം അവര്‍ തെറ്റിദ്ധരിപ്പിക്കുന്നില്ല. പാക്കറ്റ് കണ്ടിട്ടുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ അത് വെളിച്ചെണ്ണ ആണെന്ന തെറ്റിദ്ധാരണ ഉപഭോക്താവിന് വരും. പക്ഷെ ആ പാക്കറ്റില്‍ എഴുതിയ കാര്യങ്ങള്‍ വായിച്ചു നോക്കിയാല്‍ കറക്ട് ബ്ലെന്‍ഡിങ് ഓയില്‍ എന്നുണ്ട്.” -കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഏലിയാമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ALSO READ: അത് ഹിന്ദുക്കളുടെ സമരമല്ല, സവര്‍ണരുടേത് മാത്രം; ശബരിമല പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് അവര്‍ണ സംഘടനകള്‍
നിയമപരമായി നോക്കിയാല്‍ കച്ചവടക്കാര്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് പറയേണ്ടി വരും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “അവര്‍ കവറില്‍ തേങ്ങയുടെ വലിയ ചിത്രം കൊടുക്കും. പാം കര്‍ണ്ണലിന്റെ ചെറിയ ചിത്രവും കൊടുക്കും. ഒന്ന് വലുതും മറ്റേത് ചെറുതും ആയിരിക്കും. നിയമപരമായി അവര്‍ രണ്ടും ചെയ്തിട്ടുണ്ട്. അവര്‍ക്ക് നിയമത്തിന് മുന്നില്‍ അത് പറഞ്ഞു നില്‍ക്കാന്‍ കഴിയും.” കമ്മീഷണര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“അവര്‍ വെളിച്ചെണ്ണയെന്ന് എവിടെയും എഴുതുന്നില്ല. ബ്ലെന്റ്ഡ് വെജിറ്റബിള്‍ ഓയില്‍ എന്ന് തന്നെയാണ് എഴുതുന്നത്. ലീഗലി നോക്കിയാല്‍ ഇവര്‍ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. പക്ഷെ നമുക്ക് കണ്ട് ശീലം ഉള്ളത് കൊണ്ട് തെങ്ങേടെ ചിത്രം ഉള്ള ഓയില്‍ കാണുമ്പോള്‍ നമ്മള്‍ തെറ്റിദ്ധരിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാക്ക് ചെയ്യുന്നയാള്‍ അത് തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ചെയ്യുന്നതാകാം. പക്ഷെ എല്ലാ വിവരങ്ങളും കൃത്യമായി നല്‍കി കൊണ്ടാണ് അവര്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത് എന്നിരിക്കെ, തെറ്റ് ചെയ്യാത്ത അവരെ നിയമപരമായി നമുക്ക് ശിക്ഷിക്കാന്‍ വകുപ്പില്ല.
നിലവില്‍ പാം ഓയില്‍, സൂര്യകാന്തി എണ്ണ, പാംകര്‍ണ്ണല്‍ ഓയില്‍ എന്നിവയാണ് ഭക്ഷ്യ എണ്ണകള്‍ ആയി ബ്ലെന്റ്‌റിങ്ങിന് ഉപയോഗിക്കുന്നത്. ഇതിന് പുറമേ കോക്കനെട്ട് ടെസ്റ്റാ ഓയില്‍ ഉപയോഗിക്കുന്നുണ്ട് എന്നും കമ്മിഷണര്‍ പറയുന്നു. പക്ഷെ അതില്‍ സ്ഥിരീകരണം വന്നിട്ടില്ല. ടെസ്റ്റിംങിലോ, അനാലിസിസിലോ അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിലകുറഞ്ഞ എഡിബിള്‍ ഓയില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവകൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. – ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ ഇപ്പോള്‍ പത്ത് കമ്പനികള്‍ക്കാണ് കേരളത്തില്‍ ബ്ലെന്‍ഡിങ് ലൈസെന്‍സ് ഉള്ളത്. അനുമതിയില്ലാതെ കമ്പനികള്‍ വിപണിയില്‍ ഓയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല.
ബ്ലെന്‍ഡഡ് വെജിറ്റബിള്‍ ഓയില്‍ മാര്‍ക്കറ്റില്‍ എത്തണമെങ്കില്‍ അതിന് അഗ്മാര്‍ക്ക് വേണം. അതില്ലാതെ വിപണിയില്‍ ഓയിലുകള്‍ എത്തിക്കാന്‍ കഴിയില്ല. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. നിലവില്‍ ഇതുവരെ ഈ പറഞ്ഞ രീതിയില്‍ ലൈസന്‍സ് ഇല്ലാതെ ഓയില്‍ നിര്‍മ്മിച്ചു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രദ്ധയില്‍ പെട്ടാല്‍ അത് 3 ലക്ഷം വരെ പിഴയും, തടവും കിട്ടാവുന്ന ശിക്ഷയില്‍ പെടുന്ന വകുപ്പാണ്.
ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് സാമ്പിളുകള്‍ എടുത്തുകൊണ്ടിരിക്കയാണ്. വെളിച്ചെണ്ണയുടെ മാത്രമല്ല മാര്‍ക്കറ്റില്‍ ഉള്ള എല്ലാ ഓയിലുകളുടെയും സാമ്പിളുകള്‍ എടുക്കുന്നുണ്ട്. അങ്ങനെ എടുക്കുന്നതിന്റെ ഇടയ്ക്ക് വെളിച്ചെണ്ണയില്‍ കുറച്ചധികം മായം ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുറേക്കൂടി വ്യാപകമായി സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ മായം ചേര്‍ക്കലിന്റെ അളവ് കൂടി കൂടി വരുന്നതായി കണ്ടു. അത്തരം കമ്പനികല്‍ എല്ലാം പൂട്ടിച്ചിട്ടുണ്ട്. ഒരുപാട് ബ്രാന്റ്‌റുകള്‍ നിരോധിക്കയും, ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
അപ്പോഴാണ് മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ, നിയമപ്രകാരം തന്നെ അനുമതി വാങ്ങി കൊണ്ട് ഇത്തരത്തില്‍ ഒരു നീക്കം എണ്ണ കമ്പനികള്‍ നടത്തിയത്. നിയമപ്രകാരം വില്‍ക്കുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. തെറ്റിദ്ധാരണ വരുന്നത് കച്ചവടക്കാരന്റെ അടുത്തുനിന്നുമുള്ള പ്രശ്നം കൊണ്ടല്ല. ഉപഭോക്താവിന്റെ ശ്രദ്ധക്കുറവ് മൂലം ആണ്.
സമൂഹത്തില്‍ എല്ലാവരും ലേബല്‍ നോക്കി സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറാവണം എന്നും അവര്‍ പറഞ്ഞു.
WATCH THIS VIDEO: