നടി ശ്വേതമേനോന്റെ ഗര്‍ഭവും പ്രസവവും വെള്ളിത്തിരയിലെത്തിക്കുന്ന ബ്ലസി ചിത്രം കളിമണ്ണ് സ്‌ക്രിപ്റ്റില്ലാതെ ചിത്രീകരിക്കും. സംവിധായകന്‍ ബ്ലസി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.[]
ഗര്‍ഭവും പ്രസവവും ചിത്രീകരിക്കേണ്ടതിനാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ കൃത്യമായ ഒരു തിരക്കഥ അനുസരിച്ച് മാത്രം ചിത്രം പൂര്‍ത്തീകരിക്കാനാവില്ലെന്നാണ് ബ്ലസി പറയുന്നത്. പല കൂട്ടിച്ചേര്‍ക്കലുകളും ഇതിനിടയില്‍ ആവശ്യമായി വരും. അതുകൊണ്ടാണ് ചിത്രം സ്‌ക്രിപ്റ്റില്ലാതെ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.
“ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രീകരിക്കുന്നതെന്നതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയനുസരിച്ച് ഞങ്ങള്‍ക്ക് നീങ്ങാനാവില്ല” ബ്ലെസി പറഞ്ഞു.
ശ്വേതയുടെ ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ നടിക്ക് പിന്നാലെ ക്യാമറയുമായി നടന്നല്ല ഈ സിനിമ ചിത്രീകരിക്കുന്നതെന്നും ബ്ലസി വ്യക്തമാക്കി.
ഒരു സ്ത്രീയുടെ ഗര്‍ഭകാലം മുതല്‍ പ്രസവിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. “ഗര്‍ഭസ്ഥ ശിശു എല്ലാം അറിയുന്നു” എന്ന സത്യത്തെക്കുറിച്ചാണ് കളിമണ്ണിലൂടെ ബ്ലെസി പറയാന്‍ ശ്രമിക്കുന്നത്. ബിജു മേനോനാണ് “കളിമണ്ണി”ലെ നായകന്‍. ശ്വേതയുടെ ഭര്‍ത്താവിന്റെ വേഷമാണ് ഈ ചിത്രത്തില്‍ ബിജുവിന്.
ഒരു നടിയുടെ യഥാര്‍ത്ഥ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കുന്നത് ഇത് ആദ്യമായല്ല. വിഖ്യാത ഹംഗേറിയന്‍ സംവിധായിക മാര്‍ത്ത മെസൊറസിന്റെ “നയന്‍ മന്ത്‌സ്” എന്ന സിനിമ സമാനമായ പ്രമേയമാണ് ചര്‍ച്ച ചെയ്തത്. ആ ചിത്രത്തില്‍ നായിക ലിലി മൊനൊറിയുടെ യഥാര്‍ത്ഥ ഗര്‍ഭകാലവും പ്രസവവുമാണ് ചിത്രീകരിച്ചത്.