| Tuesday, 30th July 2019, 12:22 pm

തലയ്ക്ക് ഗുരുതര പരിക്ക്; വാരിയെല്ല് ഒടിഞ്ഞു; ശ്വാസകോശത്തില്‍ രക്തസ്രാവം; ഉന്നാവോ അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ അപകടത്തില്‍ ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍. അപകടം നടന്ന് 40 മണിക്കൂര്‍ നേരം പിന്നിടുമ്പോഴും പെണ്‍കുട്ടിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലഖ്‌നൗവിലെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ട്രോമാ സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്ത 48 മണിക്കൂര്‍ അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്.

പെണ്‍കുട്ടിയേയും അഭിഭാഷകനായ മഹേന്ദ്രസിങ്ങിനേയും തിങ്കളാഴ്ചയാണ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും ശ്വാസ കോശത്തില്‍ രക്തസ്രാവം ഉള്ളതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

‘പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്, ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. അപകടം നടന്ന സമയം മുതല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. തലയ്ക്ക് ഗുരുതര പരുക്കുകളുണ്ട്. ഇരു കാലുകളിലും ഒന്നിലധികം പൊട്ടലുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് നിരവധി ചെസ്റ്റ് പൈപ്പുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ട്. തലയ്ക്ക് ഏറ്റ പരിക്കിനേക്കാള്‍ ശ്വാസകോശത്തിലെ പരിക്കുകളാണ് സ്ഥിതി ഗുരുതരമാക്കിയത്, ‘- ഡോക്ടര്‍മാര്‍ പറഞ്ഞു.

രക്തസമ്മര്‍ദ്ദം കൂടിയും കുറഞ്ഞും ഇരിക്കുന്ന അവസ്ഥയാണെന്നും ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പെണ്‍കുട്ടിയും അഭിഭാഷകനും പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാരും അമ്മയുമായിരുന്നു ഫത്തേപ്പൂരില്‍ നിന്നും റായ് ബറേലിയിലേക്ക് യാത്ര തിരിച്ചത്. റായ്ബറേലി ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാനായിട്ടായിരുന്നു യാത്ര. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു.

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവം ആസൂത്രിതമാണെന്നും അപകടത്തിന് പിന്നില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും യുവതിയുടെ കുടുംബവും ആരോപിച്ചിരുന്നു.

അതേസമയം പെണ്‍കുട്ടിയ്ക്ക് നല്‍കിപ്പോന്ന പൊലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചതിലും കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.

അതേസമയം പരാതിക്കാരിയുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറിയിച്ചിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

കേസില്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എല്‍.എ.യും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേരാണ് പ്രതിസ്ഥാനത്തുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more