| Wednesday, 14th August 2024, 11:13 am

ഫലസ്തീൻ അനുകൂല മാസികയുമായി വിദ്യാർത്ഥിനിയുടെ പോസ്റ്റ്; യൂണിവേഴ്സിറ്റി സൈറ്റിൽ നിന്നും ചിത്രം നീക്കംചെയ്ത് ബർണാഡ് യൂണിവേഴ്സിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഫലസ്തീൻ അനുകൂല ചിത്രമുള്ള മാസിക ഉയർത്തിപ്പിടിച്ചുള്ള വിദ്യാർത്ഥിനിയുടെ പോസ്റ്റ് യൂണിവേഴ്സിറ്റി സൈറ്റിൽ നിന്നും നീക്കംചെയ്ത് ബർണാഡ് യൂണിവേഴ്സിറ്റി. അറബ് ലിറ്റ് എന്ന മാസികയുടെ ഏറ്റവും പുതിയ ലക്കം ഉയർത്തിപ്പിടിച്ചിട്ടുള്ള വിദ്യാർത്ഥിനിയുടെ ചിത്രമാണ് യൂണിവേഴ്സിറ്റി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും നീക്കം ചെയ്തത്. തുടർന്ന് യുണിവേഴ്സിറ്റിയ്‌ക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

അറബ് ലിറ്റ് മാസികയിൽ ഇന്റേൺഷിപ് ചെയ്ത വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പോസ്റ്റ്. പോസ്റ്റിൽ വിദ്യാർത്ഥിനി ഉയർത്തിപ്പിടിച്ച മാസികയുടെ മുഖചിത്രം ഫലസ്തീൻ അനുകൂലമായിരുന്നു. ഫലസ്തീൻ ഭൂപടത്തിൽ നിന്നും വിരിയുന്ന പൂക്കളായിരുന്നു മുഖചിത്രം. ഗസയെക്കുറിച്ചുള്ള കവിതകൾ, ലേഖനങ്ങൾ, വിവിധ ആളുകളുടെ സാക്ഷ്യങ്ങൾ എന്നിവയുടെ ശേഖരമാണ് മാസിക.

യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി വിദ്യാർത്ഥികൾ മുന്നോട്ടെത്തിയിട്ടുണ്ട്.

‘നമ്മുടെ ആശയങ്ങളെയും തത്വങ്ങളെയും ഇസ്രഈൽ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് നമുക്കുണ്ടാക്കിയിരിക്കുന്ന നാണക്കേട് ചെറുതൊന്നുമല്ല,’ ഫലസ്തീൻ അനുകൂലിയായ ഒരു വിദ്യാർത്ഥി പ്രതികരിച്ചു.

വിദ്യാർത്ഥിനിയുടെ പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊളംബിയ ജ്യൂയിഷ് അലുമിനി അസ്സോസ്സിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബർണാഡ് യൂണിവേഴ്സിറ്റി പോസ്റ്റ് നീക്കം ചെയ്തത്.

ഇസ്രഈലിന്റെ ഭൂപടം പൂർണമായും മായ്‌ച്ചുകളഞ്ഞുള്ള ഒരു ഭൂപടം കയ്യിലേന്തിയ പെൺകുട്ടിയുടെ ചിത്രം. അത് നിങ്ങൾ നീക്കം ചെയ്യണം എന്നായിരുന്നു കൊളംബിയ ജ്യൂയിഷ് അലുമിനി അസ്സോസ്സിയേഷൻ ആവശ്യപ്പെട്ടത്. തുടർന്ന് പോസ്റ്റ് നീക്കം ചെയ്യുകയാണെന്ന് കുറിപ്പുമായി ബർണാഡ് യൂണിവേഴ്സിറ്റി മുന്നോട്ടെത്തി.

‘ ചില വിഭാഗങ്ങൾക്ക് അരോചകമായി തോന്നിയതിനാൽ ഒരു വിദ്യാർത്ഥിനിയുടെ വേനൽക്കാല ഇന്റേൺഷിപ്പിന്റെ ചിത്രം ഞങ്ങൾ നീക്കം ചെയ്യുകയാണ്.’ യൂണിവേഴ്സിറ്റി എക്‌സിൽ കുറിച്ചു.

തുടർന്ന് ബർണാഡ് യൂണിവേഴ്സിറ്റിക്കെതിരെ രൂക്ഷ പ്രതിഷേധവുമായി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും മുന്നോട്ടെത്തി.

കൊളംബിയ ക്യാമ്പിൽ പങ്കെടുത്തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബർണാർഡ് വിദ്യാർത്ഥിനിയായ മറിയം ഇഖ്ബാൽ യൂണിവേഴ്സിറ്റിയുടെ പുതിയ നടപടിയെ അപലപിച്ചു.

“ഒരു അറബ് പെൺകുട്ടി ബർണാഡ് യൂണിവേഴ്സിറ്റിയിൽ പോയതിൽ ഞാൻ വളരെ നിരാശയാണ്. അവരുടെ ഇസ്രഈലി അനുകൂല നിലപാട് കാരണം അവൾക്ക് അവളുടെ ഇൻ്റേൺഷിപ്പിലെ നേട്ടങ്ങളിൽ അഭിമാനിക്കാൻ പോലും സാധിച്ചില്ല,’ അവർ കുറിച്ചു.

പലസ്തീൻ അനുകൂല സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 53 ലധികം വിദ്യാർത്ഥികളെ ബർണാഡ് യൂണിവേഴ്സിറ്റി സസ്‌പെൻഡ് ചെയ്തിട്ട് അധികനാളുകളിയിട്ടില്ല. അതിന് പിന്നാലെയാണ് ഈ സംഭവം.

ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ ക്യാമ്പസ് കെട്ടിടത്തിൽ പ്രവേശിക്കുകയും ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് വയസുള്ള പെൺകുട്ടിയുടെ പേരിൽ കെട്ടിടം പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് എത്തുകയും പ്രതിഷേധക്കാരെ പിരിച്ച് വിടുകയും ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു 53 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.

Content Highlight: ‘Blatant racism’: Barnard faces backlash after deleting post of student holding ArabLit Quarterly

We use cookies to give you the best possible experience. Learn more