| Thursday, 31st December 2020, 12:41 pm

യെമനിലെ സൗദി പിന്തുണയുള്ള സര്‍ക്കാരിന് തിരിച്ചടി; മന്ത്രിസഭാംഗങ്ങള്‍ എയര്‍പോര്‍ട്ടിലെത്തിയതിന് പിന്നാലെ ഉഗ്രസ്‌ഫോടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യെമനിലെ ഏദന്‍ എയര്‍പോര്‍ട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. സൗദി പിന്തുണയോടെ പുതുതായി രൂപീകരിച്ച യെമന്‍ സര്‍ക്കാരിലെ മന്ത്രിമാരും പ്രതിനിധികളും എയര്‍പോര്‍ട്ടില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. പന്ത്രണ്ടോളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

ഹൂതി പ്രസ്ഥാനക്കാരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് യെമന്റെ ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യെമനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി മായിന്‍ അബ്ദുള്‍മാലിക് സയ്യീദ്, യെമനിലെ സൗദി അംബാസിഡര്‍ മുഹമ്മദ് ബിന്‍ സയ്ദ് അല്‍-ജാബര്‍ എന്നിവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

യെമന്‍ കൊട്ടാരത്തിന് സമീപത്തും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കൊട്ടാരത്തിനടുത്ത് സ്‌ഫോടനമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ യെമന്‍ സര്‍ക്കാര്‍ നിഷേധിച്ചു.

യെമന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ സമയത്താണ് എയര്‍പോര്‍ട്ട് ഹാളില്‍ സ്‌ഫോടനമുണ്ടായത്. മറ്റ് രണ്ട് സ്‌ഫോടനങ്ങളും ക്യാബിനറ്റ് അംഗങ്ങള്‍ വിമാനത്തിലായിരിക്കുമ്പോഴാണ് നടന്നത്.

എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. മന്ത്രിസഭയിലെ എല്ലാവരും സുരക്ഷിതരാണ്. മിന്നല്‍ ആക്രമണമായതുകൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് സുരക്ഷാ ഗാര്‍ഡുകള്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായുള്ള അധികാര വികേന്ദ്രീകരണ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് അബ്ദ് റബുഹ് മന്‍സൂര്‍ പ്രസിഡന്റായി യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.

യു.എ.ഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും(എസ്.ടി.സി) യെമനിലെ അന്താരാഷ്ട്ര അംഗീകാരം നേടിയ (സൗദി പിന്തുണയുള്ള) സര്‍ക്കാരിനും പുതിയ മന്ത്രിസഭയില്‍ പ്രതിനിധികളുണ്ട്.

2014ല്‍ ഹൂതി വിമതര്‍ യെമന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2015ല്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ യെമനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.

ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 2017ല്‍ എസ്.ടി.സി രൂപീകരിക്കുന്നത്. യു.എ.ഇ എസ്.ടി.സിക്ക് പിന്തുണയും നല്‍കിയിരുന്നു. നിലവില്‍ സൗദി പിന്തുണയുള്ള ഹാദി സര്‍ക്കാരിനും എസ്.ടി.സിക്കും യെമന്‍ സര്‍ക്കാരില്‍ പ്രതിനിധികളുണ്ട്.

അതുകൊണ്ട് തന്നെ ഇരു ഗ്രൂപ്പുകളും 2020 ഡിസംബര്‍ 18 ന് രൂപീകരിച്ച പുതിയ സര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതേസമയം മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Blasts hit Yemen’s Aden airport as new unity government arrives

We use cookies to give you the best possible experience. Learn more