കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനെ സ്വന്തമാക്കാനായി എ.ടി.കെ. കൊല്‍ക്കത്തയുടെ ശ്രമം വിഫലമായി. കോടികള്‍ മുടക്കി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോവില്‍ സ്വന്തമാക്കാനായിരുന്നു കൊല്‍ക്കത്തയുടെ ശ്രമം. എന്നാല്‍ ജിങ്കാനെ വില്‍ക്കില്ലെന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനമാണ് തിരിച്ചടിയായത്.
ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ മികച്ച പ്രകടനമാണ് ജിങ്കാനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചത്. നേരത്തെ ജനുവരി വിന്‍ഡോയില്‍ ജിങ്കാനെ ഒഴിവാക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ ഖത്തറില്‍ നിന്നും ജിങ്കാന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ തല്‍കാലം ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം.
ഇതിനിടയില്‍ എ.ടി.കെയുമായി ജിങ്കാന്‍ ചര്‍ച്ച നടത്തിയെന്നും ഈ സീസണില്‍ തന്നെ താരം കൊല്‍ക്കത്തയിലേക്ക് ചേക്കേറുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കാന്‍ കൊമ്പന്‍മാര്‍ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ്.