| Saturday, 11th February 2023, 10:26 pm

സെമി ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം; കയ്യാലപ്പുറത്തെ തേങ്ങ പോലെ ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ചിര വൈരികളായ ബെംഗ്ലൂരു എഫ്.സിയോട് തോൽവി വഴങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ജയിച്ചാൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനൽ കളിക്കാനുള്ള ക്വാളിഫയറിലേക്ക് യോഗ്യത നേടാമായിരുന്നു.

കളി മുപ്പത്തിരണ്ട് മിനിട്ട് പിന്നിടുമ്പോൾ മോഹൻബഗാനിൽ നിന്നും ബെംഗ്ലൂരുവിലെത്തിയ ഫിജി രാജ്യാന്തര താരമായ റോയി കൃഷ്ണയാണ് മത്സരത്തിലെ വിജയ ഗോൾ സ്വന്തമാക്കിയത്.

കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ച് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും മികച്ച ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും എതിർ പോസ്റ്റിലേക്ക് അപകടകരമായ ഷോട്ടുകൾ ഉതിർക്കുന്നതിലും കൊമ്പൻമാർ പരാജയപ്പെട്ടു.

കളിയിൽ വെറും 30 ശതമാനം മാത്രം ബോൾ പൊസഷൻ കൈവശമുണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് ആറ് ഓൺ ഗോൾ ഷോട്ട് ഉൾപ്പെടെ മൊത്തം 19 ഷോട്ട് ഉതിർക്കാൻ ബെംഗ്ലൂരു എഫ്.സിക്കായപ്പോൾ ബ്ലാസ്റ്റേഴ്‌സിന് വെറും രണ്ട് ഓൺ ഗോൾ ടാർഗറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

കളിയുടെ മറ്റേല്ലാ മേഖലയിലും നിറഞ്ഞു നിന്നിട്ടും കോട്ടകെട്ടിയബെംഗ്ലൂരു പ്രതിരോധനിരയെ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിന്റെ ഒരു അവസരത്തിലും സാധിച്ചില്ല.

മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇനിയുള്ള മത്സരങ്ങളിൽ ഒരു കളിയിലും തോൽവി വഴങ്ങാതിരിക്കുകയും, ഗോവ, ഒഡീഷ മുതലായ ക്ലബ്ബുകളുടെ റിസൾട്ടും അനുസരിച്ചായിരിക്കും കൊമ്പൻമാരുടെ മുന്നോട്ട് പോക്ക് തീരുമാനിക്കപ്പെടുക.

ഈ സീസൺ മുതൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന രണ്ട് ടീമുകൾക്ക് നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാം.

തുടർന്ന് മൂന്ന് മുതൽ ആറ് വരെ സ്ഥാനത്ത് വരുന്ന നാല് ടീമുകൾ പരസ്പരം മത്സരിക്കുകയും അതിലെ വിജയികൾ സെമിയിലെ അടുത്ത രണ്ട് സ്ഥാനത്തേക്ക് യോഗ്യത നേടുകയും ചെയ്യും.

അതേസമയം നിലവിൽ 18 മത്സരങ്ങളിൽ നിന്നും 31 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഫെബ്രുവരി 18ന് മോഹൻബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിർണായകമായ അടുത്ത മത്സരം.

Content Highlights:blasters lost match against bengaluru fc

Latest Stories

We use cookies to give you the best possible experience. Learn more